തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 10 മണ്ഡലങ്ങളില്‍ യു ഡി എഫ് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ ഭൂരിപക്ഷം നേടി. ഏറ്റവും കൂടിയ ഭൂരിപക്ഷവും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ്. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ഗാന്ധിക്കാണ് സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷം. പോള്‍ ചെയ്ത 1071489 വോട്ടില്‍ രാഹുല്‍ഗാന്ധിക്കു 6,47,445 വോട്ട് ലഭിച്ചു. ഭൂരിപക്ഷം 3,64,422. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയത് ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശാണ്- 685. മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീറിനു 300118 വോട്ടു ഭൂരിപക്ഷം ലഭിച്ചു. ലീഗിലെത്തന്നെ പൊന്നാനി മണ്ഡലം സ്ഥാനാര്‍ത്ഥിയായ എം പി അബ്ദുള്‍ സമദ് സമദാനിക്കു 235760 വോട്ടാണ് ഭൂരിപക്ഷം.
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനു 1,33,727വും എറണാകുളത്തു ഹൈബി ഈഡനു 250385 വോട്ടും കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനു 150302 വോട്ടും ഭൂരിപക്ഷം ലഭിച്ചു. കോഴിക്കോട്ട് എം കെ രാഘവനു 1,46,176 വോട്ട് ഭൂരിപക്ഷമുണ്ട്. വടകരയില്‍ ഷാഫി പറമ്പിലിനു 1,14,506 വോട്ട് ഭൂരിപക്ഷമുണ്ട്. കണ്ണൂരില്‍ കെ സുധാകരന്റെ ഭൂരിപക്ഷം 1,08,982 വോട്ടാണ്. കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താനു 100649 വോട്ട് ഭൂരിപക്ഷമുണ്ട്. അഞ്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് 50,000നു മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കോട്ടയത്തു ഫ്രാന്‍സിസ് ജോര്‍ജ്ജിനു 87,266 വോട്ടാണ് ഭൂരിപക്ഷം. ആലപ്പുഴയില്‍ കെ സി വേണുഗോപാലിന് 63513 വും ചാലക്കുടിയില്‍ ബന്നി ബഹനാനു 63,754 വോട്ടും പാലക്കാട്ട് വി കെ ശ്രീകണ്ഠനു 75283 വോട്ടും പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കു 66119 വോട്ടും ഭൂരിപക്ഷമുണ്ട്.
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനു 16077വും മാവേലിക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിനു 10,868 വോട്ടും ഭൂരിപക്ഷം ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കു 74686 വോട്ടു ഭൂരിപക്ഷമുണ്ട്. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഏക സി പി എം സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനു 20111 വോട്ട് ഭൂരിപക്ഷം ലഭിച്ചു. പരാജയപ്പെട്ടവരില്‍ പ്രമുഖരായ ബി ജെ പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരനു 3,11,779 വോട്ടു ലഭിച്ചു. ആറ്റിങ്ങലിലാണ് മുരളീധരന്‍ മത്സരിച്ചത്. ആലപ്പുഴയില്‍ പരാജയപ്പെട്ട ശോഭ സുരേന്ദ്രനു 2,99,648 വോട്ടും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു തിരുവനന്തപുരത്ത് 3,42,078 വോട്ടും പന്ന്യന്‍ രവീന്ദ്രനു 247648 വോട്ടുമുണ്ട്. കോട്ടയത്തു ബി ഡി ജെ എസിലെ തുഷാര്‍ വെള്ളാപ്പള്ളിക്കു 1,65,046 വോട്ടാണ് ലഭിച്ചത്. കൊല്ലത്ത് സിനിമാ നടനും സി പി എം നേതാവുമായ മുകേഷിനു 2,93,326 വോട്ടുണ്ട്. പത്തനംതിട്ടയില്‍ മുന്‍മന്ത്രി തോമസ് ഐസക്കിനു 301504വും അനില്‍ കെ ആന്റണിക്കു 234406 വോട്ടും ലഭിച്ചു. തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനു മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ. 328124 വോട്ടു കിട്ടി. ഇതേ മണ്ഡലത്തില്‍ മുന്‍മന്ത്രി സി പി ഐയിലെ സുനില്‍ കുമാര്‍ 3,37,652 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. വടകരയില്‍ മുന്‍മന്ത്രി കെ കെ ശൈലജയ്ക്കു 4,43,022വോട്ട് ലഭിച്ചു.
