ന്യൂദെല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം വോട്ടെടുപ്പു തിങ്കളാഴ്ച രാവിലെ ആരംഭിക്കും.
ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ റായ്ബറേലി, അമേഠി മണ്ഡലങ്ങളുള്‍പ്പെടെ 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടക്കുന്നത്. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ട്. രണ്ടാംഘട്ടം തിരഞ്ഞെടുപ്പില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചിരുന്നു. 2004 മുതല്‍ രാഹുലിന്റെ മാതാവ് സോണിയാഗാന്ധി മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലി. അതിനു മുമ്പും നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലമായിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചാണ് കേന്ദ്രമന്ത്രിയായത്. അതിനു മുമ്പു മൂന്നു തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ തുടര്‍ച്ചയായി മത്സരിച്ചു വിജയിച്ച മണ്ഡലമായിരുന്നു അമേഠി. രണ്ടാം തവണയാണ് സ്മൃതി ഇറാനി ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്.
മഹാരാഷ്ട്രയിലെ 13, യു പിയിലെ 14, പശ്ചിമബംഗാളിലെ 7, ബീഹാറിലെ 5 ഝാര്‍ഖണ്ഡിലെ മൂന്ന്, ഒഡീഷയിലെ അഞ്ച്, ജമ്മുകാശ്മീര്‍, ലഡാക്ക് എന്നീ മണ്ഡലങ്ങളിലാണ് നാളെ വോട്ടിംഗ് നടക്കുന്നത്. 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടം തിരഞ്ഞെടുപ്പ്.
നാലാംഘട്ട തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ലോക്‌സഭയിലെ 543 മണ്ഡലങ്ങളില്‍ 379 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞു. അഞ്ചാംഘട്ടത്തില്‍ നാളെ 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആറാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് മെയ് 25നും അവസാനഘട്ടം തിരഞ്ഞെടുപ്പ് ജൂണ്‍ 1നും നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ നാലിനാണ്
