തൃശൂരിനെ വിറപ്പിച്ച മൂന്ന് കൊടുംകുറ്റവാളികളെ കുമ്പളയിലെ ഒരു വീടിന്റെ ടെറസില്‍ നിന്നും തൃശൂര്‍- കുമ്പള പൊലീസിന്റെ സംയുക്ത നീക്കത്തിലൂടെ പിടികൂടി

കാസര്‍കോട്: തൃശൂരിനെ വിറപ്പിച്ചു കൊണ്ടിരുന്ന മൂന്നു റൗഡികളെ കാസര്‍കോട് ജില്ലയിലെ കുമ്പളയിലെ ഒരു വീടിന്റെ ടെറസ്സില്‍ നിന്നു തൃശൂര്‍-കുമ്പള പൊലീസ് സംയുക്ത നീക്കത്തിലൂടെ പിടികൂടി.
തൃശൂര്‍ കരിക്കുഴിയിലെ അശേരി കയറ്റം പണിക വീട്ടിലെ ഡുഡു എന്ന ഇജാസ് (27), കരുവന്നൂര്‍ നെടുമ്പുരക്കല്‍ വീട്ടില്‍ നിയാസ് (31), പൊറത്തിശ്ശേരി പുരായറ്റു പറമ്പില്‍ വീട്ടില്‍ ഗോകുല്‍ കൃഷ്ണ (27) എന്നിവരെയാണ് പിടികൂടിയത്.
ക്വട്ടേഷന്‍, കാപ്പ, മയക്ക്മരുന്ന്, വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു.
നിരവധി കേസുകളില്‍ തൃശൂര്‍ പൊലീസ് ഇവരെ അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇവര്‍ കാസര്‍കോട് ജില്ലയില്‍ കുമ്പളയിലുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാസര്‍കോട് ജില്ലാ പൊലീസ് മുഖേന കുമ്പള പൊലീസുമായി ബന്ധപ്പെടുകയും എസ്ഐ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള സംഘം ഇവര്‍ക്കൊപ്പം ചേര്‍ന്നു നടത്തിയ അതിസമര്‍ത്ഥമായ നീക്കത്തിലൂടെ പ്രതികളെ പിടികൂടുകയുമായിരുന്നു.

കുമ്പള കുണ്ടങ്കേരടുക്കയിലെ ജോമോന്റെ വീടിന്റെ ടെറസ്സില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. പൊലീസ് അതീവ സാഹസികവും തന്ത്രപരവുമായി പ്രതികളെ പിടികൂടുകയായിരുന്നു. തൃശൂരിലേക്കു കൊണ്ടുപോയ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കും.
തൃശൂര്‍ പെരിഞ്ഞനം സ്വദേശി അനീസിനെ (23)കഴിഞ്ഞ ഫെബ്രുവരി 17നു രാത്രി വീട്ടില്‍ക്കയറി അതീവ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് ഇവര്‍. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നു ഇരുമ്പുവടികളുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം അനീസിന്റെ തലക്കും കൈകാലുകള്‍ക്കുമാണ് മാരകമായി പരിക്കേല്‍പ്പിച്ചത്. തടയാന്‍ ശ്രമിച്ച സുഹൃത്ത് കൃഷ്ണ തേജസിനെ(22)യും മര്‍ദ്ദിച്ചു. അക്രമത്തിനു ശേഷം തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സംഘം പൊലീസ് പിന്തുടരുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്നു കാസര്‍കോട്ടേക്കു കടക്കുകയായിരുന്നു. ഇവര്‍ക്ക് ഒളിവില്‍ പാര്‍ക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയവര്‍ക്കും ഒളിവില്‍ താമസം ഉറപ്പാക്കിയവര്‍ക്കും ഇവരുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ ഇജാസ് മണ്ണുത്തിയിലെ പ്രമാദമായ വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയാണ്. കാപ്പ വകുപ്പനുസരിച്ചുള്ള നടപടികള്‍ക്ക് ഇയാള്‍ വിധേയനായിട്ടുണ്ട്. ഇതിനു പുറമെ മതിലകം, കൈപ്പമംഗലം, വടക്കേക്കാട്, വലപ്പാട്, മണ്ണുത്തി പൊലീസ് സ്റ്റേഷനുകളില്‍ ആറു വധശ്രമക്കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഇതിനു പുറമെ ഒരു കവര്‍ച്ചാക്കേസും മൂന്നു സംഘട്ടനക്കേസുകളുമടക്കം 18 ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
ഇരിങ്ങാലക്കുട, ചേര്‍പ്പ് പൊലീസ് സ്റ്റേഷനുകളില്‍ മൂന്നു വധശ്രമക്കേസുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ടു കേസുകളും ഉള്‍പ്പെടെ ഏഴു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ രണ്ടാമന്‍ നിയാസ്. കാപ്പ അനുസരിച്ചു നാടു കടത്തപ്പെട്ടയാളുമാണ്.

പിടിയിലായ മൂന്നാമത്തെ പ്രതി ഗോകുല്‍ കൃഷ്ണ ഇരിങ്ങാലക്കുട, ചേര്‍പ്പ് പൊലീസ് സ്റ്റേഷനുകളിലായി രണ്ടു വധശ്രമക്കേസുകളിലും മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള കേസുകളിലുമടക്കം നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഈ കേസില്‍ കരുവന്നൂര്‍ പൊറത്തിശ്ശേരി സ്വദേശികളായ നെടുംപുരയ്ക്കല്‍ ഷമീര്‍ (40), മുരുങ്ങത്ത് സുധിന്‍ (29) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അവര്‍ റിമാന്റിലാണ്.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍, ഡാന്‍സാഫ് അംഗങ്ങളായ ജി എസ് ഐ പ്രദീപ് സി ആര്‍, ജി എ എസ് ഐ ലിജു ഇയ്യാനി, ജി എസ് സി പി ഒ ബിജു സി കെ, സി പി ഒ സുര്‍ജിത്ത് സാഗര്‍, കൈപ്പമംഗലം പൊലീസ് സ്റ്റേഷനിലെ സുനില്‍ കുമാര്‍, ഡെന്‍സ് മോന്‍ എന്നിവരും തൃശൂരില്‍ നിന്നുള്ള സംഘത്തിലുണ്ടായിരുന്നു. കുമ്പള എസ് ഐ അബ്ദുള്‍ സലാമും സംഘവും പ്രതികളെ പിടികൂടുന്നതിന് ഇവരെ സഹായിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page