കാസര്‍കോട്: ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു മടങ്ങിയതിനു പിന്നാലെ ജില്ലയിലെ മൂന്നു ഡിവൈ.എസ്.പി മാര്‍ക്ക് വീണ്ടും സ്ഥലം മാറ്റം. കാസര്‍കോട് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്പിയായി നീലേശ്വരം സ്വദേശിയായ എം. സുനില്‍ കുമാറിനെ നിയമിച്ചു. നിലവില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ്. ആദ്യത്തെ സ്ഥലംമാറ്റ പട്ടികയിൽ സുനില്‍ കുമാറിനെ പാലക്കാട്ടേക്ക് മാറ്റിയിരുന്നു. ഇത് സേനക്ക് അകത്തുതന്നെ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരുന്നു.
ബേക്കല്‍ ഡിവൈഎസ്പിയായി നേരത്തെ വികെ വിശ്വംഭരനെയാണ് നിയമിച്ചിരുന്നത്. ഇതിനെതിരെ പെരിയ, കല്യോട്ടെ പാര്‍ട്ടി നേതൃത്വം പ്രതിഷേധം അറിയിക്കുകയും ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശ്വംഭരനെ കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ മാറ്റി നിയമിച്ചു.
കെ. വിനോദാണ് പുതിയ ബേക്കല്‍ ഡിവൈഎസ്പി. കാറഡുക്ക സ്വദേശിയായ വിനോദ് നിലവില്‍ താമരശ്ശേരി ഡിവൈഎസ്പിയാണ്. നേരത്തെ എസ് എസ് ബി ഡിവൈ. എസ്.പിയായി നിയമിതനായ ടി. ഉത്തംദാസിനെ എസ്എംഎസില്‍ നിയമിച്ചു.
ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റ പട്ടിക പൂര്‍ണ്ണമായതിനു പിന്നാലെ അടുത്ത ദിവസം തന്നെ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരുടെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങും.







