കാസര്‍കോട്: പ്രസവവേദനയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട കരിന്തളം സ്വദേശിനി വഴിമധ്യേ ഓട്ടോയില്‍ പ്രസവിച്ചു. ചോയ്യങ്കോട് കിണാവൂരില്‍ വച്ചാണ് കരിന്തളം സ്വദേശിനി ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രക്ഷകരായത് ചോയ്യങ്കോട് ഹെല്‍ത്ത് കെയര്‍ ക്ലിനിക്കിലെ വനിതാ ഡോക്ടറും നഴ്‌സും. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. ജില്ലാ ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെ പ്രസവവേദന കലശലായപ്പോള്‍ ഭര്‍ത്താവും ബന്ധുക്കളും പരിഭ്രമിച്ചു. ഉടന്‍ തന്നെ കിണാവൂര്‍ റോഡിലെ ഹെല്‍ത്ത് കെയര്‍ ക്ലിനിക്കിലേക്ക് ഓട്ടോറിക്ഷ വിട്ടു. പ്രസവ കാര്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ക്ലിനിക്കില്‍ ഇല്ലെങ്കിലും അവശ്യ സേവനത്തിന് അവര്‍ ഒരുങ്ങി കഴിഞ്ഞിരുന്നു. അതേസമയം ഓട്ടോറിക്ഷയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു യുവതി. ചോയ്യങ്കോടെ ക്ലിനിക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആതിര ബെന്നിയും സ്റ്റാഫ് നഴ്‌സ് പ്രസന്നയും ഓടിയെത്തുമ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. പ്രസവ ശുശ്രൂഷ സൗകര്യം ഇല്ലാത്ത ക്ലിനിക്കില്‍ അടിയന്തിര സാഹചര്യം ഒരുക്കി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. അമ്മയും കുഞ്ഞും ജില്ലാ ആശുപത്രിയില്‍ സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തക്ക സമയത്ത് പ്രഥമശുശ്രൂഷ നല്‍കിയതാണ് അമ്മക്കും കുഞ്ഞിനും രക്ഷയായതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. യുവതിയുടെ രക്ഷയ്‌ക്കെത്തിയ ഹെല്‍ത്ത് കെയര്‍ ടീമിനെ ബന്ധുക്കളും നാട്ടുകാരും അഭിനന്ദിച്ചു.