കാസര്‍കോട്: അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ടു പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. മംഗ്‌ളൂരു ഗുഡ്ഡെ കണ്ണൂരിലെ മുഹമ്മദ് അല്‍ഫാസ് (23), മംഗ്‌ളൂരു, പഞ്ചിമൊഗറു, മത്തോട്ടി, മസ്ജിദ് റോഡിലെ മൂഡംബില്‍ ഹുസൈന്‍(20) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ജെ വിനോയിയുടെ നേതൃത്വത്തില്‍ എസ് ഐ വി വി ദീപ്തി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റോജന്‍ സി പി ഒ മാരായ ഷിനോയ്, അബ്ദുല്‍ സലാം, കൃഷ്ണനുണ്ണി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. മായിപ്പാടിയില്‍ വച്ചാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. എടനീര്‍, പാടി, കോരിക്കാറിലെ മഹ്ഷീറിന്റെ പരാതി പ്രകാരമാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തിരുന്നത്. ഇയാളുടെ സഹോദരന്‍ മുബഷീറിന്റെ ബൈക്ക് 2023 ഡിസംബര്‍ 19ന് കോരിക്കാര്‍ മൂലയില്‍ നിന്നു മോഷണം പോയിരുന്നു. കുപ്രസിദ്ധ അന്തര്‍ സംസ്ഥാന വാഹന കവര്‍ച്ചക്കാരനായ മംഗ്‌ളൂരുവിലെ ഷക്കീല്‍ ആണ് ബൈക്ക് മോഷ്ടിച്ചത്.അതിനു ശേഷം കൂട്ടാളികളായ മൂഡംബില്‍ ഹുസൈനും മുഹമ്മദ് അല്‍ഫാസിനും കൈമാറുകയായിരുന്നു. ഇവര്‍ ബൈക്കില്‍ വ്യാജ നമ്പര്‍ ഘടിപ്പിച്ച ശേഷം മറിച്ച് വില്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.
