കാസര്‍കോട്: മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കട്ട, ചെന്നടുക്കയിലെ മുഹമ്മദ് സുഹൈലിനെ (32)യാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം കണിച്ചിറ പൊലീസ് ഇന്‍സ്പെക്ടര്‍ ടി ജി ദിലീപിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞ് വടകേരി എന്ന സ്ഥലത്തെ കോഴിക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. പിടിച്ചുപറിയടക്കം 16ല്‍ പരം കേസുകളില്‍ പ്രതിയായ മുഹമ്മദ് സുഹൈല്‍ പത്തു കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണെന്നു പൊലീസ് പറഞ്ഞു.
വിദ്യാനഗര്‍, കുമ്പള സ്റ്റേഷനുകളില്‍ കേസുള്ളതായും പൊലീസ് പറഞ്ഞു. കാസര്‍കോട്ടെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു. അറസ്റ്റു രേഖപ്പെടുത്തുന്നതോടെ കൂടുതല്‍ കേസുകള്‍ക്കു തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
