കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് ഹെഡ് പോസ്റ്റോഫീസിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന കാഞ്ഞങ്ങാട്, വേലാശ്വരത്തെ പി. ബാലകൃഷ്ണനെ നാലു നായകള്‍ രാവിലെ ഒരു ദിവസം പോലും തെറ്റാതെ കാത്തിരിക്കുന്നുണ്ടാവും. ഇവരില്‍ ഒരാള്‍ രാത്രി കാവല്‍ ഡ്യൂട്ടി ചെയ്യുന്ന നായയാണ്. ബാലകൃഷ്ണനെയും കാത്തിരിക്കുന്ന നായകള്‍, അദ്ദേഹത്തെ കണ്ടാല്‍ ഉടന്‍ തന്നെ വാലാട്ടി പിന്നാലെ കൂടും. മുട്ടിയുരുമ്മി സ്‌നേഹം പ്രകടിപ്പിക്കും. കട തുറന്ന ശേഷം ബാലകൃഷ്ണന്‍ കടയില്‍ കരുതിവെച്ച ബിസ്‌കറ്റുകള്‍ നല്‍കും. നന്ദിപൂര്‍വ്വം ബിസ്‌കറ്റുകള്‍ കഴിച്ച് നായകളെല്ലാം മടങ്ങും. ഉച്ചയ്ക്കത്തെ ഊഴമാകുമ്പോള്‍ നാലു പേരും കൃത്യസമയത്ത് ഹാജരാകും. അപ്പോഴും കൊടുക്കും ബിസ്‌കറ്റ്. കടയടച്ച് പോകുമ്പോഴാണ് അവസാന ഭക്ഷണം നല്‍കുക. അത് കഴിച്ചാല്‍ നാലു പേരില്‍ ഒരാള്‍ കടയ്ക്ക് കാവലിരിക്കും. ആരെങ്കിലും സംശയകരമായ സാഹചര്യത്തിലെത്തിയാല്‍ കുരച്ച് ബഹളം വെക്കും. ഇത് കേട്ട് മറ്റു നായ്കള്‍ ഓടിയെത്തും. കടയുടെ മുന്നില്‍ വന്നയാള്‍ കുഴപ്പക്കാരനല്ലെന്നു തോന്നിയാല്‍ എല്ലാവരും അടങ്ങും. ഏഴുവര്‍ഷമായി ഈ പതിവ് ആരംഭിച്ചിട്ടെന്നും നായകള്‍ ഇതുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും 35 വര്‍ഷമായി കാസര്‍കോട്ട് ലോട്ടറി കച്ചവടം നടത്തുന്ന ബാലകൃഷ്ണന്‍ പറയുന്നു.
