കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയി ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച പതിനഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണ്ണം തട്ടിയെടുത്തു. സംഭവത്തില്‍ പൊലീസും വിവിധ ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ചയാണ് സംഭവം. കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ യാത്രക്കാരന്‍ കോഴിക്കോട് നിന്ന് കാസര്‍കോട്ടേക്ക് ട്രെയിനില്‍ ആയിരുന്നു യാത്ര ചെയ്തിരുന്നത്. കാസര്‍കോട്ട് ട്രെയിന്‍ ഇറങ്ങിയ യുവാവിനെ റെയില്‍വെ സ്റ്റേഷന് പുറത്ത് നിന്ന ഒരു സംഘം കാറില്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
യുവാവിന്റെ കൈവശം കൊടുത്തയച്ച സ്വര്‍ണം ഉടമസ്ഥന്റെ കൈയില്‍ എത്താത്തതിനെത്തുടര്‍ന്ന് സ്വര്‍ണവുമായി ബന്ധപ്പെട്ട ആള്‍ക്കാര്‍ സ്ഥലത്തെത്തുകയും യുവാവിനെ തട്ടിക്കൊണ്ടു പോയവര്‍ ആരെന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തത്രെ. ഇതോടെയാണ് വിവരം പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. തട്ടിക്കൊണ്ട് പോയതായി പറഞ്ഞ യുവാവിന്റെ വീട്ടിലെത്തിയും പൊലീസ് സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും ഗള്‍ഫില്‍ നിന്നും എത്തിയ യുവാവ് സുരക്ഷിതനാണെന്നും വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.
ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണ്. തട്ടിക്കൊണ്ട് പോയ വിവരം ചോര്‍ന്നതോടെ സംഭവം സംസാരിച്ച് തീര്‍ത്തതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
