എ എസ് ഐയുടെ ആത്മഹത്യ; സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി; കാരണക്കാരായവർക്കെതിരെ കൊല കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് പി കെ ഫൈസൽ

കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയൻ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മരണത്തിൽ
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും സിപിഐഎം നേതാക്കൾക്കെതിരെയും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എം ഉനൈസിനെതിരെ വ്യാജ പീഡന പരാതി നൽകി അറസ്റ്റ് ചെയ്യിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എ എസ് ഐ വിജയനുമേൽ സിപിഎം നേതൃത്വം സംസ്ഥാന ഭരണത്തിന്റെ ധാർഷ്ട്യത്തിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. വ്യാജ പരാതിയാണെന്ന് മനസ്സിലാക്കിയ വിജയൻ തുടർ അന്വേഷണം നടത്തിയതിനുശേഷം മാത്രമേ തുടർന്നടപടി എടുക്കാൻ കഴിയൂ എന്ന നിലപാടിൽ ഉറച്ചു നിന്നു. ശക്തമായ ഭരണ കക്ഷിയുടെ നേതാക്കളുടെ സമ്മർദ്ദം സഹിക്കാൻ കഴിയാതെ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോയ വിജയൻ പോലീസ് ക്വട്ടേഴ്സിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഏതാനും ദിവസങ്ങൾക്കുശേഷം മരണപ്പെടുകയും ആണ് ഉണ്ടായത്. ന്യായവും നീതിയും നടപ്പിലാക്കാൻ ശ്രമിച്ച് നിയമസംഹിതയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ച് രക്തസാക്ഷിത്വം വരിച്ച സത്യ സന്ധനായ വിജയൻ സമൂഹത്തിന് മാതൃകയാണെന്നും
അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തോടും സഹപ്രവർത്തകരോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഉണ്ണിത്താൻ പ്രസ്താവനയിൽ പറഞ്ഞു. കേസന്വേഷണത്തിൽ സിപിഎം നേതാക്കളുടെ നിയമവിരുദ്ധമായ ഇടപെടലുകളാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡൻറ് പി കെ ഫൈസൽ പറഞ്ഞു.
ഉനൈസിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തുവാനുള്ള സമ്മർദ്ദമാണ് ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനെ ബലിയാടാക്കിയത്. ആത്മഹത്യയ്ക്ക് കാരണക്കാരായ മുഴുവൻ കുറ്റവാളികളെയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡൻറ് പി കെ ഫൈസൽ ആവശ്യപെട്ടു.

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page