ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കിയതെന്നാണ് ഇത് സംബന്ധിച്ച് നല്‍കിയിട്ടുള്ള വിശദീകരണം.
ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ ലഭ്യമാക്കിയ കോവിഡ് വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി വാക്സിന്‍ കമ്പനിയായ ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയും വിവാദവും ഉണ്ടാക്കിയതിന് പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം നീക്കിയത്.
സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ നേരത്തെ വലിയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.
കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം മൂലം ജീവനഹാനി സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതും ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്.
