യുകെയില്‍ ജോലിക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു; വില്ലനായത് ‘അരളിപ്പൂവാണോ?’

ആലപ്പുഴ: യുകെയില്‍ ജോലിക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. മരണത്തില്‍ വില്ലനായത് അരളിപ്പൂവ് കടിച്ചതാണെന്ന് വ്യാപകമായി പ്രചരിക്കുകയാണ്. ഒരു സ്ത്രീയുടെ ഓഡിയോ സന്ദേശവും വൈറലാണ്. അതേസമയം പൂവിന്റെ അലര്‍ജി കാരണമാണോ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനും ഫോറന്‍സിക് പരിശോധനക്കും ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു ചികിത്സ. ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു സൂര്യ. രാത്രി എട്ടരയ്ക്കായിരുന്നു ഫ്‌ലൈറ്റ്. എന്നാല്‍ ആലപ്പുഴ മുതല്‍ സൂര്യ ഇടയ്ക്കിടെ ഛര്‍ദ്ദിച്ചിരുന്നു. ചെക്ക് ഇന്‍ ചെയ്യാനായി സൂര്യ വിമാനത്താവളത്തില്‍ പ്രവേശിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലുമെത്തിച്ചു. ഇവിടെ നിന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യാത്രക്ക് മുമ്പേ സമീപത്തെ ഫോണ്‍ചെയ്യുന്നതിനിടെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. അരളിയുടെ ഇലയിലും പൂവിലും കായിലും വേരിലും വിഷാംശമുണ്ട്. പൂക്കളെക്കാള്‍ മറ്റുഭാഗങ്ങളിലാണ് വിഷാംശമേറുകയെന്ന് വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page