കാസർകോട്: പടന്നക്കടപ്പുറത്ത് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനിയുടെ തെരഞ്ഞെടുപ്പ് പ്രചരണം തടസ്സപ്പെടുത്തിയതായി പരാതി. സംഭവത്തിൽ എൻഡിഎ സ്ഥാനാർത്ഥി ചന്തേര പൊലീസിൽ പരാതി നൽകി. തൻ്റെ പ്രചരണം തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ അസഭ്യവാക്കുകൾ പ്രയോഗിച്ചതിനുമാണ് എം.എൽ. അശ്വിനി പരാതി നൽകിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. പടന്ന കടപ്പുറത്ത് എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനിയുടെ പ്രസംഗത്തിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അസഭ്യം പറയുകയും സ്ഥാനാർത്ഥിയുടെ പ്രചരണ പരിപാടി തടയുകയും ചെയ്തെന്നുമാണ് പരാതി. സിപിഎം പ്രവർത്തകരായ പി.പി. രതീഷ്, പി പി അരുൺ എന്നിവരാണ് പ്രചരണം തടസ്സപ്പെടുത്തിയതെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ബി ജെ പി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻ്റ് ടിവി ഷിബിനും ചന്തേര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
