കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: പ്രധാനമന്ത്രി മോദിയെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. കേരളത്തെയും സംസ്ഥാനം നേടിയ പുരോഗതിയെയും നുണകള്‍ കൊണ്ട് മൂടാന്‍ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ അഖിലേന്ത്യാ പ്രധാനിയും ഒരേ മനസ്സോടെ ശ്രമിക്കുന്ന വിചിത്ര പ്രതിഭാസമാണുണ്ടാകുന്നതെന്നും കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കാഞ്ഞങ്ങാട് പറഞ്ഞു. എല്‍ഡിഎഫ് ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കാണ് കേരളത്തിന്റെ അംഗീകാരം. അത് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ്സും ബിജെപിയും ഇപ്പോള്‍ ഒരുപോലെ പ്രകടിപ്പിക്കുന്ന പരിഭ്രമം.
ബിഹാറിനെപ്പോലെ അഴിമതിയാണ് കേരളത്തില്‍ എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചു. ഒറ്റയടിക്ക് രണ്ടു സംസ്ഥാനങ്ങളെ അപമാനിക്കുകയാണദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. ഈ അംഗീകാരം കേരളത്തിന് നല്‍കിയത് സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസും ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്ന് നടത്തിയ ഇന്ത്യാ കറപ്ഷന്‍ സര്‍വ്വേ ആണ്. അതിനപ്പുറം എന്ത് ആധികാരിക റിപ്പോര്‍ട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപി സര്‍ക്കാര്‍ വന്ന ശേഷം 2011 ലെ ജനസംഖ്യ മനദണ്ഡമാക്കാന്‍ ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതു കാരണം നികുതി വിഹിതത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയായി. ഈ പ്രശ്‌നം സംസ്ഥാനം ഉയര്‍ത്തുമ്പോള്‍ അതിനു പരിഹാരം കാണാതെ തുകയുടെ വലുപ്പം പറയുകയാണ്.
ബി ജെ പി നല്‍കുന്ന പരസ്യങ്ങളിലും കേരളത്തെക്കുറിച്ച് തെറ്റിധാരണ പരത്തുകയാണ്. സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവര്‍ തന്നെ അതിന്റെ പേരില്‍ സംസ്ഥാനത്തിനെതിരെ ആക്ഷേപം ചൊരിയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒന്നും ലഭിക്കാനില്ല എന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന വെപ്രാളവും നിരാശയുമാണ് തെറ്റായ കാര്യങ്ങള്‍ പറയാന്‍ ബിജെപിക്കും പ്രധാനമന്ത്രിക്കും പ്രേരണയാകുന്നത്. അതേ ദയനീയതയാണ് രാഹുല്‍ ഗാന്ധിയുടെയും പ്രശ്‌നം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹം കേരളത്തില്‍ വന്ന് മത്സരിച്ചു. ആ ഘട്ടത്തില്‍ ജനങ്ങളില്‍ ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ജനങ്ങള്‍ക്ക് യഥാര്‍ഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ട് തുടര്‍ന്ന് നടന്ന ഒരു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് പച്ചപിടിച്ചില്ല. ഇപ്പോള്‍ അഞ്ചു വര്‍ഷത്തിന് ശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയില്‍ ഒഴിച്ച് വരികയാണ്. പ്രധാന എതിരാളിയെന്ന് അദ്ദേഹം അവകാശപ്പെടുന്ന നരേന്ദ്ര മോദിയെയും സംഘ്പരിവാറിനെയും നേരിട്ട് എതിര്‍ക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതെ ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടി, വയനാട്ടില്‍ രണ്ടാം തവണയും മത്സരത്തിനെത്തിയ രാഹുല്‍ ഗാന്ധിയില്‍ നിന്ന് കൂടുതല്‍ എന്താണ് നാട് പ്രതീക്ഷിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
സംഘപരിവാറിന്റെ പിടിയില്‍ നിന്ന് ഇന്ത്യാ രാജ്യത്തെ മോചിപ്പിക്കാനുള്ള മൂര്‍ത്തമായ സമീപനമാണ് ഞങ്ങള്‍ മുന്നോട്ടു വെച്ചത്. കോണ്‍ഗ്രസോ? വര്‍ഗീയ വിഭജനത്തിന്റെ അജണ്ടയായി ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് മിണ്ടാന്‍ കോണ്‍ഗ്രസ്സ് തയാറായോ? ബിജെപിയെ പേടിച്ച് മുസ്ലിം ലീഗിന്റെ കൊടിയും സ്വന്തം പതാകയും ഒളിപ്പിച്ചു വെച്ച പാപ്പര്‍ രാഷ്ട്രീയമല്ലേ രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി കൈകാര്യം ചെയ്യുന്നത്? കൊടി പിടിച്ച ലീഗുകാരെ തല്ലുന്ന കോണ്‍ഗ്രസ്സ്, സി എ എ വിഷയത്തില്‍ പരസ്യം കൊടുത്ത പത്രം കത്തിക്കുന്ന ലീഗ്- ഇതാണ് യു ഡി എഫിലെ ഇന്നത്തെ അവസ്ഥ മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നു കൂട്ടരുടെ കടന്നാക്രമണങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് എല്‍ഡിഎഫ് സംസ്ഥാനത്ത് ജനങ്ങളുടെ അംഗീകാരം നേടുന്നത്. കേന്ദ്ര സര്‍ക്കാരും അതിനെ നിയന്ത്രിക്കുന്ന സംഘ് പരിവാറും ഒന്നാമത്തേത്. അവരോട് തോള്‍ ചേര്‍ന്ന് ഇടതു പക്ഷത്തെയും നാടിനെയും ആക്രമിക്കുന്ന യുഡിഎഫ് അടുത്തത്. സ്വയം മാറി വ്യാജ പ്രചാരണങ്ങളും ഇടതു വിരുദ്ധതയും തമസ്‌കരണ തന്ത്രവും കൈമുതലാക്കിയ വലതുപക്ഷ മാധ്യമങ്ങള്‍ മൂന്നാമത്തേത്. ഈ ത്രികക്ഷി മുന്നണി ഉയര്‍ത്തുന്ന ഏതു ഭീഷണിയെയും നേരിട്ട് അത്യുജ്ജ്വല വിജയം നേടാന്‍ എല്‍ ഡി എഫിന് കേരളത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ട് എന്ന ആവര്‍ത്തിച്ചു തെളിയിക്കുന്ന വോട്ടെടുപ്പാണ് 26 ന് നടക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page