ചത്തീസ്‌ഗഡിൽ ബസ് 40 അടി താഴ്ച്ചയിൽ ഉള്ള കുഴിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ദുർഗ് ജില്ലയിലെ ഖപ്രി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു ഡിസ്റ്റിലറി കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടതെന്ന് ദുർഗ് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര ശുക്ല പറഞ്ഞു. 30ലധികം ആളുകളുമായി വന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി 40 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.
അപകടസ്ഥലത്ത് വച്ചുതന്നെ 8 പേർ മരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ നാലു പേർ പിന്നീട് മരണത്തിന് കീഴടങ്ങി. വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി സിറ്റി പൊലീസ് സൂപ്രണ്ട് (ചാവ്‌നി ഏരിയ) ഹരീഷ് പാട്ടീൽ പറഞ്ഞു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽ മുഖ്യമന്ത്രി വിഷ്‌ണുദേവ് സായ് ദുഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.
