ഓര്‍മ്മച്ചെപ്പ്

കൂക്കാനം റഹ്‌മാന്‍

അമ്പലങ്ങളിലും പള്ളികളിലും മോസ്‌കുകളിലും എല്ലാവര്‍ക്കും കയറിക്കൂടെ? ജോസഫിന്റെ വീട്ടിലും മുഹമ്മദിന്റെ വീട്ടിലും ഗോവിന്ദന്റെ വീട്ടിലും നമ്മള്‍ എല്ലാവരും പോകാറുണ്ടല്ലോ? പിന്നെ എന്തേ മൂന്ന് ആരാധനാലയങ്ങളില്‍ നമുക്ക് എല്ലാവര്‍ക്കും പ്രവേശനമില്ല? എന്റെ കുഞ്ഞുനാളിലേ ഉള്ള ചിന്തയായിരുന്നു ഇത്. അതാത് മതക്കാര്‍ക്ക് മാത്രമേ അവരവരുടെ ദേവാലയങ്ങളില്‍ പ്രവേശിക്കാവൂ എന്ന് പറഞ്ഞ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം നമ്മളൊക്കെ മാറി നില്‍ക്കുന്നത്. എല്ലാവര്‍ക്കും ദൈവം ഉണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട് പിന്നെന്താണ് കയറരുത്, പ്രാര്‍ത്ഥിക്കരുത് എന്നൊക്കെ പറയുന്നത്? പ്രായമായതിനു ശേഷം ഞാന്‍ ചില അമ്പലങ്ങളില്‍ പ്രവേശിച്ചിട്ടുണ്ട്. കന്യാകുമാരി പോകുന്ന വഴിക്കുള്ള ശുചീന്ദ്രം ക്ഷേത്രത്തിലാണ്. അവിടെ കയറി എല്ലാവര്‍ക്കും പ്രാര്‍ത്ഥന നടത്താം. സുഗ്രീവനാണ് അവിടുത്തെ പ്രതിഷ്ഠ. എല്ലാവര്‍ക്കും കയറാം എന്ന് അറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. എന്നും ആഗ്രഹിക്കുന്നത് ആയിരുന്നു ഒരു അമ്പലത്തില്‍ പ്രവേശിക്കുക എന്നുള്ളത്. സുഗ്രീവന്റെ പ്രതിഷ്ഠയില്‍ പനിനീര്‍ അഭിഷേകം നടത്താം. തൊഴിലാളി സുഹൃത്തുക്കളെ കൂട്ടി പഠനയാത്ര നടത്തുമ്പോഴാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവാറുള്ളത്.
തിരുവനന്തപുരത്തുള്ള ബീമാപള്ളിയില്‍ പോയപ്പോഴും നല്ല അനുഭവം ഉണ്ടായി. അതൊരു മുസ്ലിം പള്ളിയാണ്. എല്ലാവര്‍ക്കും അവിടെ കയറാം, പ്രാര്‍ത്ഥിക്കാം. ഞാന്‍ എന്റെ കൂട്ടുകാരെയും കൂട്ടി അഭിമാനപൂര്‍വ്വം പള്ളിക്കകത്ത് കയറി. കൂടെ വന്നവര്‍ക്കെല്ലാം അത്ഭുതം തോന്നി. ഇങ്ങനെയാണെങ്കില്‍ എല്ലാ മുസ്ലിം പള്ളിയിലും നമുക്ക് കയറിക്കൂടെ? എന്റെ അറിവ് വെച്ച് ഞാന്‍ പറഞ്ഞു കൊടുത്തു- ദേഹശുദ്ധി വരുത്തി ആര്‍ക്കും പള്ളിയില്‍ കയറാം. ക്രിസ്ത്യന്‍ പള്ളിയെ കുറിച്ച് ആര്‍ക്കും സംശയമില്ല. എല്ലാവരും ക്രിസ്ത്യന്‍ പള്ളികളില്‍ കയറിയിട്ടുണ്ട്. ബുദ്ധമതക്കാരുടെ പ്രാര്‍ത്ഥനാ മന്ദിരങ്ങളിലും എല്ലാവരും കയറിയിട്ടുണ്ട്. ഈ അനുഭവങ്ങള്‍ വച്ചുകൊണ്ട് രണ്ട് അമ്പലങ്ങളില്‍ പോയതാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഒരു 20 വര്‍ഷം മുമ്പ് ഒരു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ കാന്‍ഫെഡിന്റെ സംസ്ഥാന സമ്മേളനം നടക്കുകയാണ്. മൂന്ന് ദിവസത്തെ പ്രോഗ്രാം ആണ് ഉള്ളത്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് എനിക്ക് പരിചയമുള്ള കുറേ സുഹൃത്തുക്കളും ആ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് എത്തിയ സുഹൃത്തുക്കളോട് എന്റെ ആഗ്രഹം പറഞ്ഞു. ക്ഷേത്രത്തിനകത്ത് പ്രവേശിക്കണം എന്നാണ് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. വളരെ താല്‍പര്യപൂര്‍വ്വം, അതിന് പ്രശ്നമില്ല എന്ന് എന്നോട് സൂചിപ്പിച്ചു. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ മുണ്ട് മാത്രം ഉടുത്തിട്ടേ കയറാന്‍ പാടുള്ളു. ഞാനത് അംഗീകരിച്ചു. ഞങ്ങള്‍ മൂന്നുപേരും മറ്റു സുഹൃത്തുക്കളും ഒപ്പം അമ്പലത്തില്‍ പ്രവേശിച്ചു. മുമ്പേ നടക്കുന്ന എന്റെ സുഹൃത്തുക്കള്‍ ചെയ്യുന്നതുപോലെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഞാനും ചെയ്തു. പ്രാര്‍ത്ഥനാനിരതനായി പ്രധാന സ്ഥലങ്ങളിലെല്ലാം അവരോടൊപ്പം ഞാനും നിന്നു. ഭണ്ഡാരങ്ങളിലെല്ലാം കാണിക്കയിട്ടു. കൂടെ വന്നവരില്‍ ആരോ ഓര്‍മ്മയില്ലാതെ റഹ്‌മാന്‍ മാഷേ എന്ന് വിളിച്ചു. ആരും കേട്ടില്ല എന്ന് തോന്നുന്നു. പിന്നൊരു കാര്യം, എന്റെ മുണ്ടുടുപ്പും നടത്തവും എല്ലാം തന്നെ എന്നെ തിരിച്ചറിയാന്‍ പറ്റാത്ത വിധം ആയിരുന്നു. ആരോടും ഇത്രയും വര്‍ഷമായിട്ടും ഇക്കാര്യം പറഞ്ഞില്ല. ഭയമായിരുന്നു ഇതിനു കാരണം.
ഇതേപോലെ മറ്റൊരു ക്ഷേത്രത്തിലും ഞാന്‍ പ്രവേശിച്ചിട്ടുണ്ട്. എല്ലാം ചടങ്ങ് പോലെ തന്നെയാണ് ചെയ്തത്. ഇതേവരെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. കര്‍ണാടകത്തിലെ പ്രധാന ക്ഷേത്രങ്ങളിലും ഇതേപോലെ പ്രവേശനം നടത്തിയിട്ടുണ്ട്. മറ്റ് മതക്കാരെ കൂട്ടി മുസ്ലിം പള്ളികളില്‍ കയറിയപ്പോഴോ, എന്നെയും കൂട്ടി ക്ഷേത്രങ്ങളില്‍ കയറിയപ്പോഴോ പ്രാര്‍ത്ഥനാലയങ്ങള്‍ക്കും പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ചിലപ്പോള്‍ ചിലര്‍ക്ക് ഹാലിളകുമോ എന്നൊന്നും അറിയില്ല. എന്ത് ഹാലിളകിയാലും ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങള്‍ മരിക്കുന്നതിനു മുമ്പേ പങ്കിടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടിയാണ് ഞാന്‍ ഈ മാധ്യമം ഉപയോഗപ്പെടുത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page