ലക്‌നൗ: പിതാവിനെ കൊല്ലാന്‍ മകന്‍ ക്വട്ടേഷന്‍ കൊടുത്തു. ഉത്തര്‍പ്രദശിലെ വ്യവസായിയായ മുഹമ്മദ് നയീമിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പൊലീസ് അറിഞ്ഞത്. സംഭവത്തില്‍ അറസ്റ്റിലായ മൂന്നുപേരും പിതാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് അദ്ദേഹത്തിന്റെ 16 കാരനായ മകനാണെന്നു പൊലീസിനെ അറിയിച്ചു. ആറുലക്ഷം രൂപയാണ് നയീമിന്റെ മകന്‍ ക്വട്ടേഷനില്‍ വാഗ്ദാനം നല്‍കിയതെന്നും ഇതില്‍ ഒന്നര ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയിരുന്നെന്നും അറസ്റ്റിലായ പീയൂഷ്പാല്‍, ശുഭം സോണി, പ്രിയാന്‍ഷു എന്നിവര്‍ പൊലീസിനെ അറിയിച്ചു. മുഹമ്മദ് നയീമിനെ വ്യാഴാഴ്ചയാണ് സംഘം വെടിവച്ചു കൊന്നത്. പിതാവ് തന്റെ ആവശ്യത്തിനു പണം നല്‍കാത്തതാണ് കൊലപാതകത്തിനു കാരണമെന്നു മകന്‍ ക്വട്ടേഷന്‍ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു. പിതാവ് പണം തരാതിരുന്നതോടെ ആവശ്യത്തിനു വീട്ടില്‍ നിന്നു സ്വര്‍ണ്ണം മോഷ്ടിക്കുകയും കടയില്‍ നിന്നു പണം മോഷ്ടിക്കുകയുമായിരുന്നു പതിവെന്നു 16 കാരനായ മകന്‍ പൊലീസിനെ അറിയിച്ചു. അറസ്റ്റിലായ മൂന്നുപേര്‍ റിമാന്റിലാണ്. വ്യാപാരിയുടെ മകനെ ജുവനൈല്‍ ഹോമിലാക്കി.
