കാസര്‍കോട്: ഒരിടവേളക്ക് ശേഷം മഞ്ചേശ്വരത്ത് വീണ്ടും ബൈക്ക് മോഷണം. മഞ്ചേശ്വരം ചൗക്കിയില്‍ അപ്പാര്‍ട്ട്മെന്റു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ബൈക്കുടമ ചൗക്കിയിലെ ഹനീഫയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സമീപത്തെ മറ്റൊരു ഫ്ളാറ്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റും കവര്‍ച്ച ചെയ്യാന്‍ ശ്രമം ഉണ്ടായി. ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്ന് മോഷണ ശ്രമം ഉപേക്ഷിച്ചതിനു ശേഷമായിരിക്കും ഹനീഫയുടെ ബൈക്കുമായി മോഷ്ടാവ് കടന്നു കളഞ്ഞതെന്നു സംശയിക്കുന്നു. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൊപ്പിയും പാന്റ്സും ഷര്‍ട്ടും ധരിച്ച ആളുടെ ഫോട്ടോയാണ് ക്യാമറയില്‍ പതിഞ്ഞത്.
