കാസര്‍കോട്: യുണൈറ്റഡ് ഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനി ഏജന്റ് വ്യാജ രേഖയും കൃത്രിമ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കി ഇടപാടുകാരെയും ഇന്‍ഷുറന്‍സ് കമ്പനിയെയും പറ്റിച്ചെന്ന കമ്പനി ഡിവിഷണല്‍ മാനേജരുടെ പരാതി സി.ജെ.എം കോടതി തള്ളിക്കളഞ്ഞു. കുറ്റാരോപിതനായ യുണൈറ്റഡ് ഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനി കാസര്‍കോട് ഏജന്റും കോഴിക്കോട്, നാദാപുരം സ്വദേശിയുമായ ബിനീഷിനെ കോടതി വിട്ടയച്ചു. കേസ് തെളിയിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. 2018 ജുലൈ 27ന് ഇബ്രാഹീം എന്നയാള്‍ തന്റെ കെ.എല്‍-09-എ.എഫ.് 6864 വാഹനത്തിന് നൊ ക്ലെയിം സര്‍ട്ടിഫിക്കറ്റിനുസമീപിച്ചപ്പോഴാണ് തൊട്ടു തലേവര്‍ഷത്തെ ഇന്‍ഷുറന്‍സ് കുടിശ്ശിക വാഹനത്തിനുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അവര്‍ക്കു ലഭിച്ച ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് കൃത്രിമമാണെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യാസ്മിന്‍ കമ്പനിയുടെ 12 പോളിസികളില്‍ ആറെണ്ണത്തിന്റെയും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് കൃത്രിമമാണെന്നു കണ്ടെത്തി. എന്നാല്‍ കൃത്രിമ സര്‍ട്ടിഫിക്കറ്റുകള്‍ കുറ്റാരോപിതന്റെ പക്കല്‍ നിന്ന് പൊലീസോ, ഇന്‍ഷുറന്‍സ് സ്ഥാപനമോ പിടിച്ചെടുക്കാതിരുന്നത് പ്രതിഭാഗം അഭിഭാഷകന്‍ നിഖില്‍ നാരായണന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വ്യാജരേഖയെന്ന് പരാതിക്കാരനായ ഇന്‍ഷുറന്‍സ് കമ്പനി ഡിവിഷണല്‍ മാനേജര്‍ കോടതിയെ അറിയിച്ചെങ്കിലും ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. വ്യാജരേഖയുമായി കുറ്റാരോപിതനെ ബന്ധപ്പെടുത്തുന്നത് പരാതിക്കാരന്റെ മൊഴി മാത്രമാണെന്നതും എതിര്‍കക്ഷിക്ക് അനുകൂലമാവുകയായിരുന്നു.
