പോരാട്ടം 2024: പൊന്നാനി; പഴയ ലീഗ് നേതാവിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നതെന്ത്..?

മലപ്പുറം: മുസ്ലിംലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയെ പൊന്നാനിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയാക്കുക വഴി സിപിഎം ലക്ഷ്യം വെക്കുന്നത് രാഷ്ട്രീയ അടിയൊഴുക്ക്. മലബാര്‍ മേഖലയിലാകെ നല്ല മുന്നേറ്റം ഉണ്ടാക്കുക എന്നതിനുപുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വേരോട്ടം ഉണ്ടാക്കുകയെന്നതും സിപിഎം മുന്‍കൂട്ടി കാണുന്നു. ഇതിന്റെ ഭാഗമായാണ് പഴയകാല ലീഗ് നേതാവ് കെഎസ് ഹംസയെ സ്ഥാനാര്‍ഥിയാക്കുന്നത്. ലീഗില്‍ അസംതൃപ്തരായവരുടെയും ലീഗ് വിരുദ്ധരുടെയും വോട്ട് ഹംസ വഴി പെട്ടിയിലെത്തിക്കാന്‍ കഴിയുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്. ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് എന്നതിലപ്പുറം സമസ്തയുമായി ഉറ്റബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവ് കൂടിയാണ് കെഎസ് ഹംസ. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനായ ഹംസക്ക് പല സമുദായിക നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. ഇരു വിഭാഗം സമസ്താ നേതാക്കളുമായും ബന്ധമുള്ളത് സിപിഎം അനുകൂല ഘടകമായി കാണുന്നു. ലീഗ് വിരുദ്ധ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും പാര്‍ട്ടി കണക്കുകൂട്ടല്‍. പൊന്നാനിയില്‍ കെ എസ് ഹംസയെ സ്ഥാനാര്‍ഥിയാക്കിയതോടെ അസംതൃപ്തരുടെ വോട്ടും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.
ലീഗ് നേതൃത്വവുമായി അകല്‍ച്ചയിലുള്ള പാണക്കാട് മുഈനലി തങ്ങള്‍ ചെയര്‍മാനായ ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ കണ്‍വീനര്‍ കൂടിയാണ് ഹംസ. മലപ്പുറം ജില്ലയില്‍, പ്രത്യേകിച്ച് പൊന്നാനി മണ്ഡലത്തില്‍ ലീഗുമായി ഇടഞ്ഞുനില്‍ക്കുന്നവരുടെ കൂട്ടായ്മയും അനുകൂലമായാല്‍ പൊന്നാനി പിടിച്ചെടുക്കാന്‍ കഴിയും എന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ചന്ദ്രികയുടെ ഭൂമി വിഷയവുമായി ബന്ധപ്പെട്ടും ഖത്തര്‍ കെഎംസിസിയുടെ പണമിടപാട് സംബന്ധിച്ചും എ ആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കെ എസ് ഹംസ ഉന്നയിച്ച ആരോപണങ്ങള്‍ മുസ്ലിം ലീഗിന്റെ ആഭ്യന്തര രാഷ്ട്രീയത്തെ ഉലച്ചിരുന്നു. മൂന്നാംസീറ്റും ലീഗിലെ അസംതൃപ്തരുടെ നിലപാടും ഇക്കുറി പൊന്നാനിയില്‍ പ്രതിഫലിക്കും എന്നുതന്നെയാണ് ഇടത്കേന്ദ്രങ്ങള്‍ കണക്കു കൂട്ടുന്നത്. നിലവില്‍ പൊന്നാനിയെ പ്രതിനിധീകരിക്കുന്ന ഇ ടി മുഹമ്മദ് ബഷീര്‍ മണ്ഡലം വെച്ചുമാറുന്നതും ഗുണപരമാകുമെന്നും എല്‍ഡിഎഫ് കരുതുന്നു. ഹംസക്ക് മുസ്ലിം സംഘടനകളുമായുള്ള ബന്ധം വോട്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page