പെര്‍ള: കൊലക്കേസ് പ്രതിയുടെ സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ആയുധങ്ങളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ അക്രമി സംഘം പിടിയിൽ. മറ്റൊരു കൊലക്കേസില്‍ അടുത്തിടെ ജയിലില്‍ നിന്നു ഇറങ്ങിയ യുവാവും കൂട്ടാളികളുമാണ് അറസ്റ്റിലായത്. വിട്‌ല, കല്ലടുക്കയിലെ കിഷോര്‍ പൂജാരി (36), മനോജ് (23), ആഷിഖ് (28), സനത് കുമാര്‍ (24) എന്നിവരെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
2022 ജൂണ്‍ നാലിനു രാത്രി പെര്‍ളംപാടിയിലെ ചരണ്‍രാജ് റൈ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കിഷോര്‍ പൂജാരി. പ്രസ്തുത കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. 2023 നവംബര്‍ ആറിനു രാത്രി പുത്തൂരിലെ പ്രമുഖ പുലിക്കളി ബാന്റ് ഉടമയായ അക്ഷയ് കല്ലേഗ(26)യെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
പ്രസ്തുത കേസില്‍ നാലുപേര്‍ അറസ്റ്റിലായിരുന്നു. ഇവരെല്ലാം ജയിലിലാണ്. ഇവരില്‍ ഒരാളുടെ സഹോദരനെ കൊലപ്പെടുത്തുന്നതിനാണ് കിഷോര്‍ പൂജാരിയും സംഘവും കാറില്‍ സഞ്ചരിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് പുത്തൂര്‍, മുക്രംപാടിയില്‍ സംഘം പൊലീസിന്റെ പിടിയിലായത്.
