തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ വീണ്ടും ക്രിമിനല്‍ എന്ന് വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ചോദിച്ചപ്പോഴാണ് ഗവര്‍ണര്‍ നില വിട്ട് പെരുമാറിയത്. ക്രിമിനലുകളോട് മറുപടി പറയാന്‍ താന്‍ ഇല്ലെന്നും ബാക്കി കാര്യങ്ങള്‍ നിയമപരമായി നേരിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രിക്ക് സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരം ഇല്ലെന്നും വിഷയം നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍, കേരള സര്‍വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായാണെന്നും നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയില്‍ പോകാമല്ലോ എന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ദ്ധനവിനുള്ള പരിശ്രമങ്ങളില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കേണ്ട വ്യക്തിയാണ് ചാന്‍സലര്‍. എന്നാല്‍ അതിനെതിരായി നില്‍ക്കുന്ന സമീപനമാണ് ചാന്‍സലറായ ഗവര്‍ണര്‍ സ്വീകരിക്കുന്നത്. പൊതുവില്‍ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാട്ടാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
