കാസര്‍കോട്: കാറില്‍ കടത്താന്‍ ശ്രമിച്ച 7,534 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാവിലായി പൊതുവാച്ചേരി തന്നടയിലെ സനം മന്‍സിലില്‍ ഷബീറിനെയാണ് (38) ഹൊസ്ദുര്‍ഗ് എസ് ഐ കെ സുഭാഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ വാഹനപരിശോധനക്കിടെയാണ് കടത്ത് കണ്ടെത്തിയത്. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനടുത്തുവെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് കാറ് തിരിച്ചുപോകാന്‍ ശ്രമിച്ചു. അപ്പോഴേക്കും പൊലീസെത്തി കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. ഡിക്കിയിലായി ആറ് ചാക്കും സീറ്റില്‍ രണ്ട് ബാഗുകളിലുമായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. പിടികൂടിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഒന്നരലക്ഷം രൂപ വിലവരും. കര്‍ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.
