വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പെണ്‍കുട്ടികളെ വലയിലാക്കി ചാറ്റ്; ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പെണ്‍കുട്ടികളുടെ മോര്‍ഫ് ചിത്രം ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത യുവാവ് അറസ്റ്റില്‍. അഴീക്കോട് കപ്പക്കടവ് സ്വദേശി കളത്തില്‍ ഹൗസില്‍ മുഹമ്മദ് സഫ്വാനാണ് (23) അറസ്റ്റിലായത്. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് നിരവധി പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും ശേഷം അവരുടെ സ്വകാര്യ ചിത്രം ശേഖരിച്ച് മോര്‍ഫ് ചെയ്യുകയാണ് യുവാവിന്റെ രീതി. പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി ചുഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഏച്ചുര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ പ്രതി സോഷ്യല്‍ മീഡിയയില്‍ നിന്നും നിരവധി യുവതികളുടെ ഫോട്ടോ ശേഖരിച്ചു വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചു ഫോട്ടോകള്‍ ദുരുപയോഗം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. പൊലിസ് കേസെടുത്തതിനെ തുടര്‍ന്ന് ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതി നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. രണ്ട് ഫോണുകളും നാല് സിമ്മുകളും ഉപയോഗിച്ചായിരുന്നു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഒളിവില്‍ കഴിഞ്ഞു വരുന്ന പ്രതി അഴിക്കോട്ടെ താമസ സ്ഥലത്ത് എത്തിയിട്ടുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page