തണ്ണീര്‍ കൊമ്പന്റെ മരണ കാരണം അവ്യക്തം, സംയുക്ത അന്വേഷണത്തിന് കേരളവും കര്‍ണാടകവും

വയനാട്: മാനന്തവാടിയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ സംയുക്ത അന്വേഷണത്തിന് കേരളവും കര്‍ണാടകവും. ഇരു സംസ്ഥാനങ്ങളുടെയും വനംവകുപ്പ് അധികൃതര്‍ പ്രത്യേക സംഘം രൂപീകരിച്ചായിരിക്കും അന്വേഷണം നടത്തുക. ഇക്കാര്യം വനം മന്ത്രി എ കെ ശശീന്ദ്രനും സ്ഥിരീകരിച്ചു. കേരളത്തിലെ വനം വകുപ്പ് സംഭവത്തെക്കുറിച്ച് പ്രത്യേകം അന്വേഷണം നടത്തും. ഇതിനായി മറ്റൊരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പിലെ ഉന്നതരുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റ്മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമായിരിക്കും അന്വേഷണം. ഇന്ന് ബന്ദിപൂരില്‍ വെച്ചാണ് ആന ചരിഞ്ഞത്. ഏഴ് മണിയോടെയാണ് ഔദ്യോഗിക വിവരം ലഭിക്കുന്നത്. കര്‍ണാടക വനംവകുപ്പാണ് വിവരം കേരള വനംവകുപ്പിനെ അറിയിച്ചത്. 20 ദിവസത്തിനിടെ രണ്ട് തവണ തണ്ണീര്‍കൊമ്പനെ മയക്കുവെടി വെച്ചിരുന്നു. മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പനെ കര്‍ണാടകയിലെ രാമപുര എലഫന്റ് ക്യാമ്പില്‍ എത്തിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് കൊമ്പനെ ബന്ദിപ്പൂരെത്തിച്ചത്. മയക്കു വെടി വെച്ചതിനുശേഷം അഞ്ചുമണിക്കൂറിലേറെയാണ് ആന വനം വകുപ്പിന്റെ അനിമല്‍ ആംബുലന്‍സില്‍ സഞ്ചരിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീര്‍ കൊമ്പനെ ഇന്നലെ കൂട്ടിലാക്കിയത്. മയക്കുവെടി വെച്ച് മയക്കിയ ആനയെ കുങ്കി ആനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page