കാസർകോട്: ബട്ടംപാറയിൽ ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണ തീയേറ്ററിന് സമീപം താമസിക്കുന്ന വെർക്കാടി കൊണിബയൽ സ്വദേശി ഡോ. രാജേന്ദ്ര ഷെട്ടി(73) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9 മണിയോടെ വീട്ടിലെ കുളിമുറിയിൽ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വിവരത്തെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പള്ളം പൊതു ശ്മശാനത്തിൽ സംസ്കരിക്കും. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി ബട്ടംപാറയിലെ വീട്ടിലാണ് താമസം. കാസർകോട് കിംസ്, ചെങ്കള ഇകെ നായനാർ സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി വിശ്രമ ജീവിതത്തിലായിരുന്നു. പരേതനായ സീതാരാമ ഷെട്ടിയുടെയും സുന്ദരി ഷെട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: മല്ലിക ചൗട്ട, ഷക്കീല റായി, ചന്ദ്രിക ഹെഗ്‌ഡെ, പരേതരായ കുശാൽ നാഥ്, ഡോ. രവീന്ദ്ര ഷെട്ടി.







