കാസർകോട്:കാസർകോട് റെയിൽവേ പാർസൽ ഓഫീസ് നിലവിലുള്ള രീതിയിൽ തുടരുമെന്ന് റെയിൽവേ ഡിവിഷൻ മാനേജർ മധുകർ റൗത്ത്, എ ഡി ആർ എം മുഹമ്മദ് ഇസ്ലാം, സീനിയർ ഡിവിഷൻ കമർസൽ മാനേജർ ബാലമുരുകൻ,മിഥുൻ , ശൈലേഷ് കുമാർ എന്നിവർപറഞ്ഞു. കാസർകോട് റെയിൽവേ സ്റ്റേഷൻ സാന്ദർശനത്തിനെത്തിയ ഇവർക്ക് പാസഞ്ചേർസ് അസോസിയേഷൻനൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു സംഘം.അസോ. പ്രസിഡന്റ് ആർ പ്രശാന്ത് കുമാർ , ടി . ഇ അൻവർ എന്നിവർ നിവേദനം നൽകി. വൈകുന്നേരങ്ങളിൽ കോഴിക്കോട് നിന്നും കണ്ണൂർ വരെ പോകുന്ന പാലക്കാട്- കണ്ണൂർ, കോയമ്പത്തൂർ- കണ്ണൂർ പാസഞ്ചറുകൾ കാസർകോട്ടേക്കോ, മഞ്ചേശ്വരത്തെക്കോ നീട്ടണമെന്നു അസോ.ആവശ്യപ്പെട്ടു. രാവിലെ കണ്ണൂരിൽ നിന്ന് മലബാർ എക്സ്പ്രസ്സിലും കണ്ണൂർ എക്സ്പ്രസ്സി ലും സീസൺ ടിക്കറ്റ് യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ നിവേദക സംഘം വിശദീകരിച്ചു.ആ സമയത്ത് ഒരു മെമ്മു ആരംഭിക്കണമെന്നും അത് തിരിച്ചു മംഗലാപുരത്ത് നിന്ന് ഇന്റർ സിറ്റിയുടെ പിറകിൽ സർവീസ് നടത്തിയാൽ കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്കും മംഗലാപുരത്തുനിന്ന് കണ്ണൂരിലേക്കും ഒരുപാട് ട്രെയിനുകൾക്ക് കണക്ഷൻ ട്രെയിനായി ഉപയോഗിക്കാമെന്നും ഉദ്യോഗ സംഘത്തെ ഭാരവാഹികൾ അറിയിച്ചു. വൈകിട്ടത്തെ ചെന്നൈ സൂപ്പർഫാസ്റ്റിൽ കണ്ണൂർ വരെ സീസൺ ടിക്കറ്റ്ക്കാരെ റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യാൻ മനുഷ്യത്വത്തിന്റെ പേരിൽ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു.അന്ത്യോദയ എക്സ്പ്രസ്സിന് കാഞ്ഞങ്ങാട്, നീലേശ്വരം,പയ്യന്നൂർ, സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ദിവസേന ആകണമെന്നും ആവശ്യപ്പെട്ടു.







