കൊച്ചി: ബലാൽ സംഗക്കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ അഭിഭാഷകൻ പീഡിപ്പിച്ചെന്ന കേസിൽ ഗവ.പ്ലീഡർ പി.ജി. മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ കീഴടങ്ങാൻ വക്കീലിന് ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ചതിനെത്തുടർന്നാണ് പുത്തൻകുരിശ് ഡിവൈ എസ്.പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്നു ഹൈക്കോടതിയിലെ സീനിയർ ഗവ.പ്ലീഡർ സ്ഥാനം മനു രാജിവച്ചു. തുടർന്നു ഒളിവിൽ പോവുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ ഹൈക്കോടതി അഭിഭാഷകനായ മനുവിനു കീഴടങ്ങുന്നതിനു 10 ദിവസം സമയമനുവദിച്ചിരുന്നു. സമയപരിധിക്കുള്ളിൽ കീഴടങ്ങിയാൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ വൈകാതെ പരിഗണിക്കണമെന്നും ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥ് നിർദ്ദേശിച്ചിരുന്നു. യുവതി നൽകിയ പരാതിയിൽ മൊഴിരേഖപ്പെടുത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് വക്കീലിനെതിരെ പൊലീസ് കേസെടുത്തത്.
ബലാൽസംഗക്കേസിൽ നിയമോപദേശം ആരാഞ്ഞ യുവതിയെ അഭിഭാഷകനായ മനു ഓഫീസിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കുകയും സ്വകാര്യചിത്രങ്ങൾ ഫോണിൽ പകർത്തിയെന്നുമാണ് പരാതി. പരാതിക്കാരി എറണാകുളം സ്വദേശിയാണ്.