കാസര്‍കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. മഞ്ചേശ്വരം മജിര്‍പള്ള നീരോളികെ സ്വദേശിനിയായ 32കാരിയാണ് ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാവിലെയാണ് സംഭവം. യുവതിക്ക് പ്രസവവേദന വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. ആംബുലന്‍സ് പൈലറ്റ് പ്രണവ് പി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അനുരൂപ് എം.എസ് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലന്‍സ് ദേര്‍ളകട്ടെ എത്തിയപ്പോള്‍ യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അനുരൂപ് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലന്‍സില്‍ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 9.36 ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അനുരൂപിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി അനുരൂപ് ഇരുവര്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് പ്രണവ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.