മമ്മൂട്ടിയുടെ ‘കാതൽ’ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു; വാനോളം പുകഴ്ത്തി ന്യൂയോർക്ക് ടൈംസ്

മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം കാതലിനെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദി കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗ്ഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിട്ടുണ്ട്. മമ്മൂട്ടി വളരെ സെൻസിറ്റീവ് ആയി അവതരിപ്പിച്ച ചിത്രം കേരളത്തിൽ മാത്രമല്ല പുറത്തും പ്രശംസനേടി എന്നും ലേഖനത്തിൽ പറയുന്നു.
മലയാള സിനിമ ലോകത്തിനു മുന്നിൽ അറിയപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാതൽ. കുറഞ്ഞ ചെലവും സൂക്ഷ്മതയുള്ള ചിത്രീകരണവും യഥാർത്ഥ മനുഷ്യ ജീവിതങ്ങളുടെ സാമ്യവുമുള്ള പുരോഗമന കഥയാണ് മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് എന്നുമാണ് നിരീക്ഷകർ പറയുന്നത്, ഇത്തരത്തിലുള്ള ലളിതമായ മലയാളം ഭാഷ കഥകൾ കേരളത്തിലെ പ്രേക്ഷകർ കൂടുതൽ ആവേശത്തോടെ സ്വീകരിക്കുന്നു. ബോളിവുഡ് സിനിമകളുടെ ഗ്ലാമർ, ശബ്ദകോലാഹലങ്ങൾക്കപ്പുറം, കുറഞ്ഞ ബജറ്റിൽ യഥാർഥ മനുഷ്യജീവിതവുമായി അടുത്തു നിൽക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമകൾ വേറിട്ടു നിൽക്കുന്നതെന്നും ലേഖകൻ മുജീബ് മാഷൽ പറയുന്നു.
ആവേശത്തള്ളിച്ചയുണ്ടാക്കുന്ന പതിവ് മലയാളം സിനിമകളിൽ നിന്നും ഈ ചിത്രം വ്യത്യസ്തമാണെന്നും, എന്നിട്ടും തിയറ്ററിൽ സ്വീകരിക്കപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്. ഇതാദ്യമായാണ് ഒരു മലയാള സിനിമയെക്കുറിച്ച് ഇത്ര വിശദമായ ലേഖനം ന്യൂയോർക്ക് ടൈംസിൽ വരുന്നത്. ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഗൗരവമേറിയ സിനിമയുടെ പ്രമേയം തന്നെയാണ് ഇവിടെയും ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഇത് അഭിമാന നിമിഷമാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS