കാറിടിച്ചു പരിക്കേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂറോളം; കാല്‍ നടയാത്രക്കാരന്‍ രക്തം വാർന്നു മരിച്ചു; പൊലീസ് കേസെടുത്തു

കണ്ണൂര്‍: തലശേരി- കോഴിക്കോട് ദേശീയപാതയിലെ പുന്നോലില്‍ സുബ്ഹി നമസ്‌കാരത്തിന് പളളിയിലേക്ക് പോകവെ നിയന്ത്രണം വിട്ട കാറിടിച്ചു 64 വയസുകാരനായ വഴിയാത്രക്കാരന്‍ അതിദാരുണമായി മരിച്ചു. സംഭവത്തില്‍ പൊലിസ് കാര്‍ യാത്രക്കാരനെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചു.
മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.
തലശേരി പുന്നോല്‍ റെയില്‍ റോഡില്‍ മാതൃകാബസ് സ്‌റ്റോപ്പിന് സമീപം താമസിക്കുന്ന നബീല്‍ ഹൗസില്‍ കെ.പി സിദ്ദിഖാ(64)ണ് മരിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കാസര്‍കോട്ടുഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. പുന്നോല്‍ ചീമേന്റവിട അജയന്റെ കടയുടെ മുന്നില്‍വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കാല്‍ നടയാത്രക്കാരനായ സിദ്ദിഖിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലും സ്‌കൂട്ടറിലും കാറിടിച്ചതിനു ശേഷമാണ് നിന്നത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശംപൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ചോരവാര്‍ന്ന് അരമണിക്കൂറോളം സിദ്ദിഖ് റോഡില്‍ തന്നെ കിടന്നതായാണ് വിവരം. പൊലിസുകാരോ നാട്ടുകാരോ രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്ന പരാതിയുണ്ട്. അപകടം നടന്നു ഒരുമണിക്കൂര്‍ കഴിഞ്ഞാണ് പൊലിസ് സംഭവസ്ഥലത്തെത്തിയത്. അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കാര്‍ തന്നെയാണ് സിദ്ദിഖിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും മരണമടയുകയായിരുന്നു. പുന്നോലിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും സലഫി മസ്ജിദ് ഭാരവാഹിയുമാണ്‌ സിദ്ദിഖ്. ചെന്നൈയിലെ പ്രമുഖ ബേക്കറി വ്യാപാരിയായിരുന്ന പരേതനായ സി. മമ്മുവിന്റെ മകനാണ്. പുന്നോലില്‍ ജീവകാരുണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുമയ്യ സിദ്ദിഖാണ് ഭാര്യ. കണ്ണൂരില്‍ വാഹനമിടിച്ചു ഒരാഴ്ച്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ കാല്‍നടയാത്രക്കാരനാണ് സിദ്ദിഖ്. ദിവസങ്ങള്‍ക്കു മുന്‍പ് ശ്രീകണ്ഠാപുരം പരിപ്പായിയില്‍ സ്വകാര്യബസിടിച്ചു പ്രഭാതസവാരിക്കിറങ്ങിയ പെട്രോള്‍ പമ്പു ജീവനക്കാരന്‍ മരിച്ചിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു അപകടം കൂടി നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page