സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ആറ് പേരെ ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി ഉദ്യോഗസ്ഥർക്ക് ഒരു നദി മുറിച്ചുകടക്കേണ്ടിവന്നു.
മഫ്തിയില്‍ ആയിരുന്ന പോലീസ് സംഘം ബരാകർ നദിയുടെ തീരത്ത് വെച്ചാണ് സൈബർ കുറ്റവാളികളെ പിടികൂടാന്‍ ശ്രമിച്ചത്. ഉദ്യോഗസ്ഥരെ കണ്ടയുടൻ, പ്രതികള്‍ നദിയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു, പക്ഷേ ഉദ്യോഗസ്ഥർ അവരെ പിന്തുടരുകയും എല്ലാ പ്രതികളെയും പിടികൂടുകയുമായിരുന്നു.
വിവിധ മേഖലകളിൽ നടത്തിയ റെയ്ഡുകളെ തുടർന്നായിരുന്നു അറസ്റ്റ്. ഇവരിൽ നിന്ന് 8,29,600 രൂപയും, 12 മൊബൈൽ ഫോണുകളും, 21 എടിഎം കാർഡുകളും, 18 സിം കാർഡുകളും, 12 പാസ്ബുക്കുകളും, 6 ചെക്ക് ബുക്കുകളും, 4 പാൻ കാർഡുകളും, 2 ആധാർ കാർഡുകളും കണ്ടെടുത്തു.
പ്രതികൾ ആപ്പുകൾ വഴി നഗ്‌ന വീഡിയോ കോളുകൾ ചെയ്ത് അതിന്റെ സ്‌ക്രീൻഷോട്ടുകൾ എടുത്ത് ഇരകളെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടിയിരുന്നു. ന്യൂട്രീഷ്യൻ ട്രാക്കർ ആപ്പ് വഴി പ്രസവാനുകൂല്യം നൽകാമെന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ച് ഗർഭിണികളെയും ഇവർ ലക്ഷ്യമിട്ടിരുന്നു.