Sunday, June 16, 2024
Latest:

സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍

കോഴിക്കോട്: വേങ്ങേരിയില്‍ സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ബസ് ഉടമയും ഡ്രൈവറും അറസ്റ്റിലായി. ബസ് ഉടമ അരുണ്‍, ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയിലാണ് ചേവായൂര്‍ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ അഖിലിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമയ്ക്കെതിരെ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കക്കോടി സ്വദേശികളായ ഷൈജു കെ പി എന്ന ഗോപി(43), ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്. മുമ്പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ചുവീഴ്ത്തി മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസിന്റെ പിറകിലിടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ 5 യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page