കാസർകോട്: കാറില്‍ കടത്തികൊണ്ടുവന്ന 90 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.സംഘത്തിലുണ്ടായിരുന്ന രണ്ടാമൻ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10. 40 ന് കാസർകോട് മഞ്ചേശ്വരം ബായിക്കട്ടയിലാണ് കഞ്ചാവ് പിടികൂടിയത്.കണ്ണൂര്‍ കൂത്തുപറമ്പ് കണ്ണവം സ്വദേശിയും തൃക്കരിപ്പൂരില്‍ താമസക്കാരനുമായ റൈഫ് ബഷീര്‍ (31)ആണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട ആള്‍ക്കായി തെരച്ചിൽ തുടരുകയാണ്.കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി ബാലകൃഷ്‌ണന്‍ നായര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബൂബക്കര്‍ കല്ലായി, സിപിഒമാരായ ഷാജു, ദിനേശ്, ഷജീഷ് എന്നിവര്‍ സ്വകാര്യ വാഹനത്തില്‍ ബായാര്‍–കൈക്കമ്പ റൂട്ടില്‍ നിലയുറപ്പിച്ചു. കഞ്ചാവു കടത്തു സംഘത്തിന്റെ നീക്കങ്ങളോരോന്നും അതാതു സമയത്ത് ഡിവൈ.എസ്.പി സ്‌ക്വാഡ് അംഗങ്ങളെ അറിയിച്ചു കൊണ്ടിരുന്നു.മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള കാര്‍ എത്തിയതോടെ പൊലീസ് സംഘം പിന്തുടര്‍ന്നു. കാര്‍ ബായിക്കട്ടയില്‍ എത്തിയപ്പോള്‍ സംഘം റൂട്ട് മാറ്റുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് സംഘം ഓവര്‍ടേക്ക് ചെയ്‌ത് കാർ തടഞ്ഞു. ഇതോടെ ഒരാള്‍ ഇറങ്ങി ഓടിയെങ്കിലും റൈഫ് ബഷീറിനെ കയ്യോടെ പിടികൂടി. ഇതിനിടയില്‍ മഞ്ചേശ്വരം എസ്.ഐമാരായ റുമേഷ്, നിഖില്‍, സുമേഷ്‌രാജ്, ഡ്രൈവര്‍ ആരിഫ് എന്നിവർ കുതിച്ചെത്തി കാറിന്റെ ഡിക്കി തുറന്നുനോക്കിയപ്പോഴാണ് 90 കിലോ കഞ്ചാവ് പ്ലാസ്റ്റിക് കവറുകളിലാക്കി കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്.