മൂന്നാംകുറ്റി ജയന്‍ വധക്കേസ്; രണ്ടുപ്രതികളെയും കോടതി വെറുതെ വിട്ടു

കാസര്‍കോട്: നീലേശ്വരം ബസ്റ്റാന്റിലെ ബാര്‍ബര്‍ ഷോപ്പുടമ മൂന്നാംകുറ്റി സ്വദേശി ജയന്‍ വധക്കേസില്‍ രണ്ട് പ്രതികളെയും ജില്ലാ അഡീഷണല്‍ സെഷന്‍സ് മൂന്ന് കോടതി ജഡ്ജ് ഉണ്ണികൃഷ്ണന്‍ വെറുതെവിട്ടു.
പൂവാലംകൈ സ്വദേശികളായ കെ.എം.പ്രകാശന്‍(43), കാനക്കരയിലെ കെ.സുധീഷ്(34) എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി(3) കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടത്. ജയനും പ്രതികളും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് തെളിയാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
2013 ജൂണ്‍ 16 ന് രാത്രി 11 മണിയോടെയാണ് ജയന്‍ കൊല്ലപ്പെട്ടത്. സ്വത്ത് വില്‍പനയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ വീതം വക്കാത്ത കാരണവും കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ തയ്യാറാകാത്തതുമാണ് കൊലയ്ക്ക് പ്രതികളെ പ്രേരിപ്പിച്ചത്. പൂവാലങ്കൈയിലെ ഷെഡില്‍ ഉറങ്ങുകയായിരുന്ന ജയനെ കല്ലുകൊണ്ടും വളഞ്ഞ കാലുള്ള കുട കൊണ്ടും കുത്തിയും അടിച്ചും അവശനാക്കിയ ശേഷം സമീപത്തെ തോട്ടില്‍ കൊണ്ടുപോയി മുക്കിക്കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കേസില്‍ പ്രോസിക്യുഷന്‍ 29 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. 45 രേഖകളും 14 മുതലുകളും ഹാജരാക്കിയിരുന്നു. പ്രകാശന്റെ വളഞ്ഞ കാലുള്ള കുട സംഭവസ്ഥലത്ത് നിന്ന് കിട്ടിയതായാണ് പൊലീസ് പ്രധാന തെളിവായി കാട്ടിയിരുന്നത്. പ്രതികള്‍ക്കൊപ്പം മദ്യപിച്ചിരുന്നതായി പറയുന്ന ചിലരുടെ സാക്ഷി മൊഴികളും മാത്രമായിരുന്നു തെളിവായി പൊലിസിന് ഹാജരാക്കാന്‍ കഴിഞ്ഞത്. ജയന്റെ വസ്ത്രത്തില്‍ നിന്നും ലഭിച്ച രക്തക്കറ പ്രതിയുടേതല്ലെന്നു കണ്ടെത്തിയിരുന്നു. പ്രതി പ്രകാശന്റെ ശബ്ദം സംഭവ സ്ഥലത്തിനിന്ന് കേട്ടിരുന്നതായുള്ള സാക്ഷി മൊഴിയും കോടതി പരിഗണിച്ചില്ല. പ്രതികള്‍ക്കുവേണ്ടി അഡ്വ.സി.കെ ശ്രീധരനും കെ.പി പ്രദീപ് കുമാറും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page