കാസര്‍കോട്: പ്ലസ്വണ്‍ വിദ്യാര്‍ഥി എംഎസ് സായ്കൃഷ്ണയെ തേടി വീണ്ടും അംഗീകാരം. ഹരിയാനയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് സായ്കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച ‘അരുതേ’യാണ്. മയക്കുമരുന്നിനെതിരായ ബോധവല്‍ക്കരണമാണ് ‘അരുതേ’ എന്ന മലയാളം ഹ്രസ്വചിത്രം പറഞ്ഞുവെക്കുന്നത്. എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിലെ കുട്ടികള്‍ക്കായാണ് ചിത്രമൊരുക്കിയത്.
കാസര്‍കോട് ഉദയഗിരിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും കന്നഡ സനിമതാരവുമാണ് എം എസ് സായ്കൃഷ്ണ. സായ് കൃഷ്ണയുടെ കന്നഡ ഹ്രസ്വചിത്രമായ ‘പരിവര്‍ത്തനെ’ കഴിഞ്ഞവര്‍ഷം ഹുബ്ബള്ളിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ മികച്ച ആരോഗ്യ ബോധവല്‍ക്കരണ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായി ദേശീയ അവാര്‍ഡ് തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് സായ്കൃഷ്ണയും മാതാപിതാക്കളും.
സായ് കൃഷ്ണ 15 ഹ്രസ്വചിത്രവും ഒരു മിനി ഫീച്ചര്‍ ഫിലിമും ഒരു ആല്‍ബവും നിര്‍മിച്ചിട്ടുണ്ട്. സംവിധാനവും അഭിനയവും ഒന്നിച്ചുകൊണ്ടുപോകുന്ന സായ് കൃഷ്ണ ക്യാമറയും നന്നായി ചെയ്യുന്നുണ്ട്. നാല് കന്നഡ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. നിലവില്‍ ‘യുവ’ എന്ന കന്നഡ സിനിമയുടെ ചിത്രീകരണത്തിലാണ്. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ എം എസ് കൃഷ്ണകുമാറിന്റെയും സ്വകാര്യ സ്‌കൂള്‍ അധ്യാപിക സ്വപ്നയുടെയും മകനാണ് സായ് കൃഷ്ണ.
