കാസർകോട്: വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപ്പളയിലെ 19 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്സെടുത്തത്.കഴിഞ്ഞ മാസം 23ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. യുവതി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും, സ്വര്‍ണ്ണവും പണവും ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിനിടയില്‍ മാനഭംഗപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി. യുവതി നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിക്കൂടുന്നതിനിടയില്‍ അക്രമി ഓടി രക്ഷപ്പെട്ടെന്നാണ് യുവതിയുടെ മൊഴി. അതേസമയം അക്രമം നടത്തിയ യുവാവ് ഗള്‍ഫിലേയ്‌ക്ക് കടന്നതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്