നീലേശ്വരം: വീട്ടിലെ കിടപ്പു മുറിയില്‍ സൂക്ഷിച്ചിരുന്ന 2.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മാവിലാക്കടപ്പുറം, ഒരിയര സ്വദേശി അംജത്തിനെ(35)യാണ് നീലേശ്വരം റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സുധീറും സംഘവും പിടികൂടിയത്. നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് ഇയാളെന്നു അധികൃതര്‍ പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രമായ മാവിലാകടപ്പുറം, പുലിമുട്ട് കേന്ദ്രീകരിച്ചു അംജിത്ത് മയക്കുമരുന്നു ഇടപാട് നടത്തുന്നതായി എക്സൈസിനു നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇന്നലെ രാത്രി വീട്ടിലെത്തിയത്. വീട്ടിനകത്തു വ്യാപകമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അഞ്ചുമണിക്കൂര്‍ നേരത്തെ പരിശോധനയ്ക്കൊടുവില്‍ കിടപ്പു മുറിയില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയതെന്നു എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.
പരിശോധനാ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സതീശന്‍ നാലുപുരയ്ക്കല്‍, സിഇഒ മാരായ പ്രസാദ്, മനീഷ് കുമാര്‍, സുധീര്‍ പാറമേല്‍, ഹസ്രത്ത് അലി, സരിത, ഡ്രൈവര്‍ രാജീവന്‍ എന്നിവരും ഉണ്ടായിരുന്നു.
