മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; അലന്‍സിയറിനെതിരേ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരേ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയത്. പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രഗല്‍ഭര്‍ നിറഞ്ഞ സദസിനു മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ല. ഈ സംഭവത്തിനു ശേഷം തനിക്കു പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവന്‍ ആളുകളും പ്രതീക്ഷിച്ചത്. എന്നാല്‍, അത് ഉണ്ടായില്ലെന്നും പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചതെന്നും സതീദേവി പറഞ്ഞു. ചാനല്‍ പ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് ഇത്തരത്തില്‍ അവഹേളിച്ചു കൊണ്ട് സംസാരിച്ചതിനെതിരേ നല്‍കിയ പരാതിയില്‍ അലന്‍സിയറിനെതിരേ തിരുവനന്തപുരം റൂറല്‍ എസ് പി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വനിത കമ്മിഷന്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page