വടിയില്ലാത്ത ഗാന്ധി പ്രതിമയില്‍ വടി തിരുകി കയറ്റി, പയ്യന്നൂരില്‍ ഗാന്ധി പ്രതിമയോട് വീണ്ടും അനാദരവ്; ഒടുവില്‍ കേസെടുത്ത് പൊലിസ്
കണ്ണൂര്‍: പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലെ രാഷ്ട്രപിതാവിന്റെ പ്രതിമയോട് അനാദരവ് കാണിച്ച സംഭവത്തില്‍ ഒടുവില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജയരാജ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്വാതന്ത്രസമര കാലത്തെ രണ്ടാം ബര്‍ദോളി എന്നറിയപ്പെട്ട പയ്യന്നൂരില്‍ ഗാന്ധിജിയുടെ സന്ദര്‍ശനവേളയിലെ പ്രായം കണക്കാക്കി വടിയില്ലാതെ നടക്കുന്ന ഗാന്ധി ശില്‍പമാണ് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ സ്ഥാപിച്ചിരുന്നത്. ഈ ശില്‍പ്പത്തിന്റെ കൈയില്‍ സാമൂഹ്യ വിരുദ്ധര്‍ വടി തിരുകിക്കയറ്റി അനാദരവ് കാണിക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിക്കാരന്റെ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്തത്. പയ്യന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.