കാസര്‍കോട്: ചൂരിയില്‍ മദ്രസ അധ്യാപകനെ പള്ളിവളപ്പിലെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി കഴുത്തറുത്തു കൊന്ന കേസിന്റെ അന്തിമ വാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. കേസന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന പ്രോസിക്യൂഷന്‍ സാക്ഷി ഡിവൈ.എസ്.പി പി.കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ളവരെ വിസ്‌തരിച്ചു. 2017 മാര്‍ച്ച് 20ന് രാത്രിയിലാണ് ചൂരി പള്ളിയിലെ താമസ സ്ഥലത്ത് കയറി മദ്രസ അധ്യാപകനായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളുള്ള കേസിന്റെ വിചാരണയും വാദവും നേരത്തെ പൂര്‍ത്തിയായിരുന്നു. കേസ് അന്തിമ വാദത്തിനായി മാറ്റിവച്ചതിനിടയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന എം.അശോകന്‍ ഹൃദയാഘാതം മൂലം മരിച്ചു. പിന്നീട് കോഴിക്കോട് സ്വദേശിയായ ടി.ഷാജിത്തിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതോടെയാണ് അന്തിമ വാദം ആരംഭിച്ചത്. കൊലപാതകത്തിനു തൊട്ടു പിന്നാലെ അറസ്റ്റിലായ പ്രതികളെല്ലാം ജയിലിലാണ്.
