കാസർകോട്: സ്ത്രീകൾ മാത്രമുള്ള വീട്ടിൽ സാധനം വിൽക്കാനെന്ന വ്യാജേനയെത്തിയ ഇതര സംസ്ഥാനതൊഴിലാളി വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചു. വീട്ടുകാർ വിവരമറിയിച്ചതനുസരിച്ചു നാട്ടുകാർ ഓടിയെത്തി ഇയാളെ പിടികൂടി നീലേശ്വരം പൊലീസിനു കൈമാറി. മടിക്കൈ കക്കാട്ട് അട്ടക്കാട്ട് അമ്പലത്തിനു സമീപത്തെ കെ.കുഞ്ഞിപ്പെണ്ണിന്റെ വീട്ടിൽ ഇന്നലെ വൈകിട്ടാണു സംഭവം. കുഞ്ഞിപ്പെണ്ണ്, മകൾ കനകം, ചെറുമകൾ കൃഷ്ണപ്രിയ എന്നിവർ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. പുതപ്പുമായി വീട്ടിലെത്തിയ ചെറുപ്പക്കാരൻ ഇവരോടു ഹിന്ദിയിൽ സംസാരിച്ചെങ്കിലും ഇവർ ഒന്നും ആവശ്യമില്ലെന്നു പറഞ്ഞു തിരിച്ചയക്കാൻ നോക്കി. എന്നിട്ടും പോകാതെ ചുറ്റിപ്പറ്റി നിന്നപ്പോൾ മൂവരും അകത്തു കയറി വാതിലടച്ചു. ഇതോടെ മുൻവശത്തെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറാൻ ഇയാൾ ശ്രമിച്ചെന്നു നാട്ടുകാർ പറഞ്ഞു.മൂവരും ചേർന്നു വാതിൽ അകത്തു നിന്നു തള്ളിപ്പിടിച്ചു. ഇതിനിടയിൽ അടുക്കളവാതിലിൽ കൂടി കയറാൻ ശ്രമിച്ചപ്പോഴും മൂവരും ആ വാതിലുമടച്ചു തള്ളിപ്പിടിച്ചു പ്രതിരോധിച്ചു. ഇതിനിടെ കൃഷ്ണപ്രിയ ബന്ധുവിനെ വിവരമറിയിച്ചു. ഇദ്ദേഹം ആളെ കൂട്ടിയെത്തിയാണ് തൊഴിലാളിയെ പിടികൂടിയത്. വിവരമറിഞ്ഞെത്തിയ നീലേശ്വരം പൊലീസിന് ഇയാളെ കൈമാറി