കാസർകോട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 32 വർഷം കഠിന തടവിനും, നാലു ലക്ഷംരൂപ പിഴയടക്കാനും കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് ശിക്ഷിച്ചു. നീലേശ്വരം ചായ്യോം വാടക ക്വാർട്ടേർസിൽ താമസിച്ചിരുന്ന അസം ടിൻസുകിയ ജില്ലയിലെ ശേഖർ ചൗധരി എന്ന റാം പ്രസാദ് ചൗധരിയെ (42) ആണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുവർഷംകൂടി അധിക തടവും വിധിച്ചു. 2014 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ നീലേശ്വരം സബ്ബ് ഇൻസ്പെക്ടറായിരുന്ന പി.നാരായണനാണ്.നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയശേഷം ഒളിവിൽ പോയി. തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയും രണ്ട് മാസം മുമ്പ് സ്വന്തം നാട്ടിൽ നിന്ന് അറസ്റ്റു ചെയ്ത് ഹാജരാക്കുകയുമായിരുന്നു. നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു പ്രതി. കേസിൽ ചൊവ്വാഴ്ച പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.