കാസർകോട് : കാസർകോട് തച്ചങ്ങാട് നിര്‍മ്മാണത്തിലിരിക്കെ നശിപ്പിക്കപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകന്‍റെ വീട് പുനർ നിർമ്മിക്കാൻ കോൺഗ്രസ്സ് പ്രവർത്തകർ ഒന്നിച്ചു. പള്ളിക്കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വീട് നശിപ്പിക്കപ്പെട്ട സഹപ്രവർത്തകന് സഹായം നൽകിയത്. 1,38,000 രൂപ സമാഹരിച്ച് സുജിത്ത് കുമാറിനു പ്രവർത്തകർ കൈമാറി. വീടിന്റെ മുന്‍വാതില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സമൂഹ്യ വിരുദ്ധര്‍ തീവച്ചു നശിപ്പിച്ചത്. ഓണത്തിനു ഗൃഹപ്രവേശം നടത്തണമെന്ന ആഗ്രഹത്തിൽ പണി പുരോഗമിച്ചുകൊണ്ടിരിക്കെയായിരുന്നു മനസാക്ഷിയെ മരവിപ്പിക്കുന്ന നടപടിയുണ്ടായത്. തീവെയ്പില്‍ വാതില്‍ പൂർണ്ണമായും കത്തി നശിച്ചിരുന്നു. അക്രമികള്‍ കുഴല്‍കിണറിന്റെ പൈപ്പ് മുറിച്ചു കിണറിലിടുകയും, ശുചിമുറിയുടെ ക്ലോസറ്റ് തകർക്കുകയും ചെയ്തിരുന്നു.എന്നാൽ സഹപ്രവർത്തകർ ഒന്നിച്ചതോടെ മുൻ നിശ്ചയിച്ചതു പോലെ ഓണത്തിനു തന്നെ ഗൃഹപ്രവേശനം നടത്താൻ തയ്യാറെടുക്കുകയാണ് സുജിത്ത് കുമാർ.സഹായം കൈമാറുന്ന ചടങ്ങിൽ സുകുമാരന്‍ പൂച്ചക്കാട്, രവീന്ദ്രന്‍ കരിച്ചേരി, ചന്ദ്രന്‍ തച്ചങ്ങാട്, എം പി എം ഷാഫി, മഹേഷ് തച്ചങ്ങാട്, സുന്ദരന്‍, വി വി കൃഷ്ണന്‍ സംസാരിച്ചു.