മഞ്ചേശ്വരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്‌തു. മുഡിപ്പു സ്വദേശി മുഹാദാണ് (35) അറസ്റ്റിലായത്. ഉള്ളാള്‍ പൊലീസാണ് ഇയാളെ തലപ്പാടിയില്‍ വച്ച് അറസ്റ്റു ചെയ്‌തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സ്‌കൂള്‍ വിട്ട് വരും വഴി തലപ്പാടി ഓട്ടോ സ്റ്റാന്റിന് സമീപം സഹോദരിയെ കാത്ത് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ സ്ഥലത്തെത്തിയ യുവാവ് പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ചുവലിച്ചു കൊണ്ടുപോകുവാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടി കൂടിയ സമീപവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയും യുവാവിനെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊണാജെ സ്റ്റേഷനിൽ ഇയാള്‍ക്കെതിരെ കഞ്ചാവ് കടത്ത് കേസും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
