മുള്ളേരിയ: ഡ്രൈഡേ ലക്ഷ്യമാക്കി കാസര്‍കോട് ജില്ലയിലേക്ക് കടത്തിയ 312 ബോട്ടില്‍ ഗോവന്‍ വിദേശ മദ്യ കടത്ത് എക്‌സൈസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. 56 ലിറ്റര്‍ ഗോവന്‍ മദ്യം കൈവശം വച്ചതിന് മുള്ളേരിയ സ്വദേശി വീടില്‍ മനു എന്ന മനോഹരനെ (42) അറസ്റ്റുചെയ്തു. ശനിയാഴ്ച വൈകീട്ട് ബദിയടുക്ക റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പ്രതീപനും സംഘവും നടത്തിയ റെയ്ഡിലാണ് മുള്ളേരിയയില്‍ വച്ച് മദ്യശേഖരം കണ്ടെത്തിയത്. 180 മില്ലി ലിറ്ററിന്റെ 312 ബോട്ടിലാണ് പ്രതിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് വ്യാപകമായി അനധികൃത മദ്യ വില്പനയുണ്ടെന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. കൂടാതെ ഡ്രൈഡേയില്‍ വന്‍തോതില്‍ മദ്യം എത്താറുണ്ടെന്ന വിവരവും ലഭിച്ചിരുന്നു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനു മുന്നോടിയായി അതിര്‍ത്തി പ്രദേശങ്ങളില്‍ റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്. പരിശോധന സംഘത്തില്‍ ബദിയടുക്ക എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച് വിനു, പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ കെ എം പ്രദീപ്, മോഹന്‍കുമാര്‍, മനോജ്, വിനോദ്, അശ്വതി ഗോപി എന്നിവരും ഉണ്ടായിരുന്നു.