കല്യോട്‌: കോണ്‍ഗ്രസും സി പി എമ്മും രാഷ്‌ട്രീയ വിശദീകരണ യോഗങ്ങളിലേയ്‌ക്ക്‌

0
33


പെരിയ: കല്യോട്ടെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൊലപാതകത്തിനെ തുടര്‍ന്ന്‌ ഉണ്ടായ അക്രമ സംഭവങ്ങള്‍ തുടരുന്നതിനിടയില്‍ കോണ്‍ഗ്രസും സി പി എമ്മും രാഷ്‌ട്രീയ വിശദീകരണ യോഗങ്ങളിലേയ്‌ക്ക്‌. മാര്‍ച്ച്‌ ഒന്നിന്‌ പെരിയ ബസ്‌ സ്റ്റോപ്പില്‍ സി പി എമ്മിന്റെ പൊതുയോഗം നടക്കും.
കൊലപാതകത്തിന്റെ പിന്നില്‍ രണ്ടു ഉന്നത നേതാക്കള്‍ക്കും എം എല്‍ എയ്‌ക്കും പങ്കുള്ളതായുള്ള ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ സി പി എം വിശദീകരണയോഗം നടത്താന്‍ തീരുമാനിച്ചത്‌.
ഇരട്ടക്കൊലപാതകം പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും അസ്വാരസ്യത്തിനു ഇടയാക്കിയതും വിശദീകരണ സമ്മേളനം നടത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതായി സൂചനയുണ്ട്‌. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ എത്തിയ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആശയ കുഴപ്പം ഗൗരവത്തോടെയാണ്‌ നേതൃത്വം കാണുന്നത്‌. നിഷ്‌പക്ഷമതികളുടെ വോട്ടു ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആറായിരത്തില്‍ പരം വോട്ടുകള്‍ക്കാണ്‌ പി കരുണാകരന്‍ വിജയിച്ചത്‌. അതിനു മുമ്പു നടന്ന തെരഞ്ഞെടുപ്പില്‍ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു ലഭിച്ചിരുന്നത്‌. കൊലപാതകത്തെ തുടര്‍ന്ന്‌ ഉണ്ടായ പൊതുവികാരത്തെ മറികടക്കാന്‍ കാലേ കൂട്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്‌ സി പി എം വിശദീകരണ യോഗം നടത്തുന്നത്‌.
അതേസമയം സി പി എമ്മിന്റെ വിശദീകരണ യോഗത്തിന്റെ പിറ്റേ ദിവസം മാര്‍ച്ച്‌ രണ്ടിന്‌ കോണ്‍ഗ്രസും പെരിയയില്‍ രാഷ്‌ട്രീയ വിശദീകരണ സമ്മേളനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും സമ്മേളനം നടത്തുക. സി പി എമ്മിന്റെ വിശദീകരണത്തിനു മറുപടി പറയാനുള്ള വേദി കൂടിയാകും കോണ്‍ഗ്രസ്‌ പരിപാടി. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുണ്ടായിട്ടുള്ള രാഷ്‌ട്രീയ അനുകൂലാവസ്ഥയെ തെരഞ്ഞെടുപ്പുവരെ സജീവമായി നിലനിര്‍ത്താനുള്ള നീക്കങ്ങളും ഇരു പാര്‍ട്ടികളുടെയും ഭാഗത്തു നിന്നു ആരംഭിച്ചിട്ടുള്ളതായും സൂചനയുണ്ട്‌. അതിന്റെ ഭാഗമായിട്ടാണ്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡണ്ടിന്റെ വീടിനു നേരെ ഇന്നു പുലര്‍ച്ചെ ഉണ്ടായ തീവെയ്‌പും അക്രമവുമെന്നും സംശയിക്കുന്നു.

NO COMMENTS

LEAVE A REPLY