പത്തനംതിട്ട: ശബരിമല മകര വിളക്ക് മഹോല്‍സവത്തിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം കൊട്ടാരത്തില്‍ നിന്ന് ഘോഷയാത്രയോടെ സന്നിധാനത്തിലേക്ക് പുറപ്പെട്ടു. ഘോഷയാത്രയ്ക്ക് വഴിനീളെ ഭക്തജനങ്ങള്‍ വന്‍ സ്വീകരണം നല്‍കുന്നു. ഘോഷയാത്ര ഞായറാഴ്ച വൈകീട്ട് അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ വിശ്രമിക്കും. തിങ്കളാഴ്ച ളാഹ സത്രത്തില്‍ നിന്ന് രാവിലെ പുറപ്പെടുന്ന ഘേഷയാത്ര കാനന പാതയിലൂടെ വൈകീട്ട് ആറുമണിക്ക് ശരംകുത്തിയാലിലെത്തും. ശരംകുത്തിയാലില്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തിലേക്ക് ആനയിക്കും. ചൊവ്വാഴ്ച വൈകീട്ടാണ് തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടക്കുക. ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിയും. മകര ജ്യോതിക്ക് പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ സന്നിധാനത്തില്‍ എത്തിച്ചേരും.