ലക്‌നൗ: എട്ടു വയസ്സിനു താഴെ പ്രായമുള്ള മൂന്നു പെണ്‍കുട്ടികളുടെയും മാതാപിതാക്കളുടെയും മൃതദേഹം വീട്ടിനുള്ളില്‍ കാണപ്പെട്ടു. ദുരൂഹനിലയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്.
യു.പി മീററ്റിലെ ലസാരി ഗേറ്റിലെ മോയിന്‍, ഭാര്യ അസ്മ, മക്കളായ അഫ്‌സ (8), അസീസ (4), അദിബ (1) എന്നിവരുടെ മൃതദേഹങ്ങളാണ് തലപൊട്ടിയൊലിച്ച നിലയില്‍ വീട്ടിനുള്ളില്‍ കാണപ്പെട്ടത്. കുട്ടികളുടെ മൃതദേഹം കട്ടിലിലും ദമ്പതികളുടെ മൃതദേഹങ്ങള്‍ നിലത്തുമാണ് കാണപ്പെട്ടത്. ഇവരിലൊരാളുടെ കാലുകള്‍ പുതപ്പുകൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു. അടുത്തിടെയാണ് ഇവര്‍ ഈ വീട്ടില്‍ താമസമാരംഭിച്ചതെന്നു പറയുന്നു.
ബുധനാഴ്ച മുതല്‍ ഇവരെയാരെയും പുറത്തു കണ്ടിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും ഫോണ്‍ അറ്റന്റ് ചെയ്യാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നു മോയിന്റെ ബന്ധുക്കള്‍ വീട്ടിലെത്തി വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്നു പറയുന്നു. തുടര്‍ന്നു അയല്‍ക്കാരെ കൂട്ടി മുന്‍വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് അഞ്ചു പേരും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടിലെ സാധനസാമഗ്രികള്‍ വലിച്ചു വാരിയെറിഞ്ഞ നിലയിലായിരുന്നു.
വീടിനെക്കുറിച്ചു കൃത്യമായി അറിയാവുന്നവരായിരിക്കും അക്രമികളെന്നു പൊലീസ് സംശയം പ്രകടിപ്പിച്ചു. മോയിന്റെ ശത്രുക്കളായിക്കൂടെന്നില്ല. കവര്‍ച്ചാസംഘമാകാനും സാധ്യതയുണ്ടെന്നു പൊലീസ് സംശയം പ്രകടിപ്പിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.