കാസര്‍കോട്: ഹൊസ്ദുര്‍ഗ്-പാണത്തൂര്‍ സംസ്ഥാന പാതയോരത്തെ രണ്ടു പൂമരങ്ങള്‍ മുറിച്ചുവെന്ന കേസില്‍ കാഞ്ഞങ്ങാട്ടെ ഗിരിജ ജ്വല്ലറി ഉടമ അജാനൂര്‍, കുശവന്‍കുന്ന്, മൊട്ടമ്മല്‍വീട്ടില്‍ മുരളീധരന്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 2024 നവംബര്‍ 16നും 20നും ഇടയില്‍ കുശവന്‍ കുന്നിലെ റോഡരുകില്‍ നിന്നു 40,000 രൂപ വില വരുന്ന രണ്ടു മരങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ് കേസ്. പൊതുമരാമത്ത് (റോഡ്‌സ്) കാഞ്ഞങ്ങാട് സെക്ഷന്‍ അസി.എഞ്ചിനീയര്‍ ചെറുവത്തൂരിലെ സി ബിജു നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
പുതുക്കൈ, മോനാച്ച വീട്ടില്‍ എം. നാരായണന്‍, കണ്ണോത്ത് ഹൗസില്‍ കെ.എന്‍ ഗിരീഷ് എന്നിവരും മരം മുറി കേസിലെ പ്രതികളാണ്. ഇവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരം മുറി കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത്.